തിരുവനന്തപുരം: ഗാന്ധിജിയുടെ 152-ാം ജന്മ വാർഷിക ദിനത്തിൽ 152 അടി വലിപ്പത്തിൽ 23000 ചതുരശ്ര അടിയിൽ ഒരു ലക്ഷം ബലൂണുകളുപയോഗിച് ഗാന്ധിജിയുടെ ചിത്രം നിർമ്മിക്കുന്നു. പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷാണ്(Davinci Suresh) ചിത്രരചന നിർവഹിക്കുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 2021 ഒക്ടോബർ 1 ന് രാവിലെ തുടങ്ങി ഒക്ടോബർ 2 രാവിലെ 9 മണിയോടുകൂടി പൂർത്തിയാകുന്ന തരത്തിലാണ് ചിത്രം രചിക്കുക. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ് ), ആക്സോ എഞ്ചിനിയേർസ് പ്രൈവറ്റ് ലിമിറ്റഡ്, സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ്, ലിമാക്സ് അഡ്വെർടൈസേർസ് എന്നിവർ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി എം.എൽ. എ അഡ്വ. വി. കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച യുവജന കൂട്ടായ്മയാണ് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്). കേരളത്തിലുടനീളം പുതുമയാർന്ന അടിസ്ഥാനസൗകര്യം നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കമ്പനിയാണ് ആക്സസ് എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
100 വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് ചിത്രരചന നടത്തുക എന്നത് ലക്ഷ്യമാക്കിയിട്ടുള്ള ഡാവിഞ്ചി സുരേഷിന്റെ എൺപതാമത് ചിത്ര രചനയാണിത്. പ്രളയകാലത്ത് തന്റെ തുണിക്കടയിലെ തുണി മുഴുവൻ ദുരിതബാധിതർക്ക് സൗജന്യമായി നൽകിയ നൗഷാദിന്റെ ചിത്രം തുണിയിൽ തീർത്ത് ശ്രദ്ധനേടിയ ഡാവിഞ്ചി സുരേഷ് ഇതിനകം ശ്രീനാരായണഗുരു, ഡോക്ടർ എപിജെ അബ്ദുൽ കലാം, മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടോവിനോ തോമസ്, തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രം വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്.
ഗാന്ധിജിയുടെ 150 രണ്ടാം ജന്മവാർഷികത്തിൽ 152 അടി വലുപ്പത്തിലുള്ള ചിത്രം രചിച്ച് ലോകറെക്കോർഡ് സൃഷ്ടിക്കുക എന്ന ആക്സോ എൻജിനീയർ മാനേജിങ് ഡയറക്ടർ നസീബിന്റെ ആശയം ഡാവിഞ്ചി സുരേഷ് ഏറ്റെടുക്കുകയായിരുന്നു. ഈ പരിപാടിക്ക് ആവശ്യമായ സാമ്പത്തിക ചെലവുകൾ വഹിക്കുന്നത് ലിമാക്സ് അഡ്വെർടൈസേഴ്സും, സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റടുമാണ്. സംഘാടനവും ഏകോപനവും നിർവഹിക്കുന്നത് വൈബ് ആണ്.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് എന്നിവയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇവയുമായി ബന്ധപ്പെട്ട അഡ്ജൂഡികേറ്റേഴ്സ് പരിപാടി വിലയിരുത്തി സാക്ഷ്യപ്പെടുത്തും.
ഒക്ടോബർ 2 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് പരിപാടി വീക്ഷിക്കുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമുണ്ടാകും.വളരെ വലിപ്പമേറിയ രൂപം ആയതിനാൽ ഡ്രോണുകൾ ഉപയോഗിച്ച് പകർത്തുന്ന ദൃശ്യങ്ങളിലൂടെയാണ് ചിത്രം വ്യക്തമായി കാണാൻ കഴിയുക. ഇതിലേക്കായി സ്റ്റേഡിയത്തിന് അകത്തും പുറത്തും എൽഇഡി സ്ക്രീനുകൾ ക്രമീകരിക്കുന്നതാണ്. വൈബിന്റെയും എൻ എസ് എസിനെയും നൂറിലധികം വോളണ്ടിയർമാർ സഹായികൾ ആകും.