ബംഗ്ലാദേശ്:റോഹിങ്ക്യന്‍ നേതാവ് മുഹമ്മദ് മുഹിബ്ബുല്ല(Muhammad Muhibbullah)യെ അജ്ഞാതർ വെടിവെച്ചുകൊന്നു. ബംഗ്ലാദേശിലെ ഉഖിയയിലെ അഭയാർഥി ക്യാമ്പിലാണ് വെടിയേറ്റ് മുഹിബ്ബുല്ല മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.രാത്രി നമസ്കാരത്തിന് ശേഷം കുതുപലോങ്ങിലെ ഓഫീസിന് പുറത്ത് അഭയാർഥി നേതാക്കളുമായി സംസാരിക്കവെയാണ് നാലംഗ സംഘം മുഹിബുല്ലയുടെ അടുത്തെത്തി വെടിയുതിർത്തത്. ഉടൻതന്നെ ക്യാമ്പിലെ എം.എസ്.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അജ്ഞാത സംഘം മൂന്നു തവണ മുഹമ്മദ് മുഹിബുല്ലക്ക് നേരെ വെടിയുതിർത്തതായി എ.ആർ.പി.എസ്.എച്ച് വക്താവ് മുഹമ്മദ് നൗഖിം പറഞ്ഞു.
റോഹിങ്ക്യൻ അഭയാർഥികൾക്കായി ശബ്ദമുയര്‍ത്തുന്ന പ്രമുഖ സംഘടനകളിലൊന്നായ അരകൻ റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സിന്‍റെ (എആര്‍എസ്പിഎച്ച്) ചെയർമാനായിരുന്നു മുഹിബുല്ല. അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ യോഗങ്ങളില്‍ അഭയാര്‍ഥികളുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.