കൊച്ചി: മോൻസൺ മാവുങ്കലിന്റെ(Monson Mavunkal) വീട്ടിൽ നിന്നും അപൂർവ ഇനം ശംഖുകൾ(Conch) പിടിച്ചെടുത്തു. വനം വകുപ്പ് റെയ്ഡിലാണ് ഈ ശംഖുകൾ പിടിച്ചെടുത്തത്. 15 ശംഖുകൾ ആണ് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ ഈ ശംഖുകൾ സംരക്ഷിത പട്ടികയിൽപെടുന്നവയെന്നാണ് വനം വകുപ്പ് പറയുന്നത്. വന്യ ജീവി സംരക്ഷണ നിയമത്തിലെ 1, 2, 3 പട്ടികയിൽ പെടുന്നവയാണ് ഇവ. ഫോറൻസിക് പരിശോധനക്ക് ശേഷം മോൻസനെതിരെ കേസെടുക്കും.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ ശില്‍പ്പി സുരേഷിന്‍റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മോന്‍സനെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. കേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും.താന്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ പുരാവസ്തുവെന്ന പേരില്‍ മോന്‍സണ്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി മുട്ടത്തറ സ്വദേശി സുരേഷ് നല്‍കിയ പരാതിയിലാണ് ഇന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തുക. മോന്‍സണ്‍ 75 ലക്ഷം രൂപ തട്ടിച്ചുവെന്നും ഇതുമൂലം സാമ്പത്തികമായി തകര്‍ന്നുവെന്നും സുരേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.