തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് (Department of Education) . ഇതിന്റെ ഭാഗമായി അധ്യാപക, വിദ്യാര്‍ഥി, യുവജന, തൊഴിലാളി സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി(v sivankutty)യുടെ നേതൃത്വത്തിലാണ് യോഗം ചേരുക.
സെപ്റ്റംബര്‍ 30 വ്യാഴാഴ്ച രാവിലെ 10 30 ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗം ചേരും. കെഎസ്ടിഎ, കെപിഎസ്ടിഎ, എകെഎസ്ടിയു, കെഎസ്ടിയു, കെഎസ്ടിസി, കെഎഎംഎ, എന്‍ടിയു എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. അന്നേദിവസം ഉച്ചയ്ക്ക് 2 30 ന് മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകുന്നേരം 4 മണിക്ക് യുവജനസംഘടനകളുടെ യോഗം ചേരും. ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം. 3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.