തൃശൂർ: വധഭീഷണിയെ തുടർന്ന് ഒളിമ്പ്യൻ മയൂഖ ജോണിക്ക് (Mayookha Johny) ബി കാറ്റഗറി (B Category) സംരക്ഷണം നൽകാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ യോഗ തീരുമാനം. സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മയൂഖ ജോണി വാർത്താസമ്മേളനം നടത്തിയതിനെ തുടർന്നാണ് വധഭീഷണി(Death Threat). ഭീഷണികത്ത് അയച്ച വ്യക്തിക്കെതിരെ ആളൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീം പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ രൂപീകൃതമായ വിറ്റ്നസ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനും തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുമായ പി.ജെ. വിന്‍സന്റിന്റെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി വിളിച്ചുകൂട്ടിയ കമ്മിറ്റി യോഗത്തിലാണ് സംരക്ഷണം നൽകാൻ തീരുമാനമായത്.
യോഗത്തില്‍ മെമ്പര്‍ സെക്രട്ടറിയും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ കെ.ഡി. ബാബു, തൃശൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് (റൂറല്‍) ജി.പൂങ്കുഴലി തൃശൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് (സിറ്റി) പൊലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ എന്നിവര്‍ പങ്കെടുത്തു.