തിരുവനന്തപുരം: മോൻസൻ മാവുങ്കാൽ യേശുവിനെ ഒറ്റികൊടുത്തപ്പോൾ യൂദാസിന് ലഭിച്ച വെള്ളി നാണയമെന്ന പേരിൽ പ്രചരിപ്പിച്ചത് റോമൻ ഭരണകാലത്തെ വെള്ളിനാണയങ്ങൾ. കേരളത്തിൽ സുലഭമായി ലഭിച്ചിരുന്ന ഈ നാണയങ്ങൾ മുമ്പ് പലയിടത്തും നിന്നും കണ്ടെത്തിട്ടുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശം ഇത്തരത്തിലുള്ള നിരവധി നാണയങ്ങളുണ്ട്.
സംസ്ഥാനത്ത് പലയിടത്തുനിന്നും ഇത്തരം നാണയങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. സർക്കാർ ഇടപെട്ട് സംരക്ഷിത കേന്ദ്രത്തിലേക്ക് ഇവ മാറ്റും മുമ്പ് തന്നെ നണയങ്ങളിൽ പലതും സ്വകാര്യ വ്യക്തികൾ കവർന്നെടുത്തിരുന്നു. ഇത്തരത്തിൽ പുറത്തുപോയ നാണയങ്ങളാണ് മോൻസൺ യൂദാസിന്റെ വെള്ളിക്കാശെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് ചരിത്ര ഗവേഷകൻ എം ജി ശശിഭൂഷൻ പറഞ്ഞു.
1983 ൽ എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് വള്ളുവള്ളിയിൽ ഇത്തരം 2000 ത്തോളം നാണയങ്ങൾ കണ്ടെത്തി. പോലീസ് എത്തി ഇത് സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റുന്നതിന് മുമ്പ് ഭൂരിഭാഗവും നഷ്ടപ്പെട്ടു. 255 എണ്ണം മാത്രമാണ് പുരാവസ്തുവകുപ്പിന് സംരക്ഷിക്കാനായതെന്ന് അന്ന് പുരാസ്തു വകുപ്പിന് വേണ്ടി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എം ജി ശശിഭൂഷൻ പറയുന്നു. കേരളത്തിൽ മറ്റ് ജില്ലകളിൽ നിന്നും പലപ്പോഴായി ഇത്തരം നാണയശേഖരം കണ്ടെത്തിയിട്ടുണ്ട്.