ഡൽഹി: പഞ്ചാബ്( Punjab ) പി സി സി അധ്യക്ഷ സ്ഥാനം രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെ (Navjot Singh Sidhu) മുന്നിൽ നിറുത്തി മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻറ്(Congress High Command). പുതിയ നേതാവിനെക്കുറിച്ചുള്ള ആലോചന നടക്കുന്നു എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഏറെ താമസിയാതെ പഞ്ചാബ് കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉണ്ടാകുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. നേതൃത്വത്തോട് ഇടഞ്ഞ് രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാൻ ആദ്യഘട്ടത്തിൽ കോൺഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും ഇനി അത് വേണ്ടെന്ന നിലപാടിലാണ്.
അനുനയ ചർച്ചയുമായി കോൺഗ്രസ് ഹൈക്കമാൻറ് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്( Harish Rawat ) ചണ്ഡിഗഢിലേക്ക് അയക്കാൻ തീരമാനിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. സിദ്ദുവിന്റെ നിലപാടിനൊപ്പമല്ല പാർട്ടി എന്ന് വ്യക്തമാക്കുന്ന നടപടികളാണ് ഇപ്പോൾ ഹൈക്കമാണ്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
അതേസമയം രാജിയിൽ ഉറച്ച് നിൽക്കുന്നതായി നവ് ജ്യോദ് സിങ് സിദ്ദു അറിയിച്ചിരുന്നു. പഞ്ചാബിന് വേണ്ടിയാണ് തീരുമാനമെന്നും സത്യത്തിനായി പോരാടുമെന്നും സിദ്ദു പറഞ്ഞിരുന്നു. പഞ്ചാബിനായി എന്തും ത്യജിക്കാൻ തയാറാണെന്നും നവ് ജ്യോദ് സിങ് സിദ്ദു വ്യക്തമാക്കിയിരുന്നു.