തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ( Monson Mavungal ) പുരാവസ്തു വിറ്റ വകയില്‍ വന്‍ തുക തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്ന് ഇടപാടുകാരെ പറഞ്ഞ് പറ്റിച്ചത് ഇല്ലാത്ത പട്ടേലിന്റെ പേര് പറഞ്ഞ്. ഡല്‍ഹിയിലെ അക്കൗണ്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന പണം വിട്ടുകിട്ടാന്‍ തനിക്കുവേണ്ടി ഇടപെടുന്നതു ബിസിനസുകാരനായ പട്ടേലാണെന്നാണ് മോന്‍സന്‍ പരാതിക്കാരെ ധരിപ്പിച്ചത്.
‘ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കാന്‍ പണം മുടക്കിയതു മുഴുവന്‍ പട്ടേലാണ്. 1.75 ലക്ഷം രൂപ ദിവസ വാടകയുള്ള ഡല്‍ഹിയിലെ നക്ഷത്രഹോട്ടലിലാണ് 3 വര്‍ഷമായി പട്ടേലിന്റെ താമസം. പണം കണ്ടു മടുത്തയാളാണ്.’- ഇങ്ങനെയൊക്കെയാണ് പട്ടേലിനെക്കുറിച്ച് മോന്‍സന്‍ പരാതി നല്‍കിയവരോട് പറഞ്ഞിരുന്നത്.
ബിസിനസ് പങ്കാളിയായ തൃശൂരിലെ ധനകാര്യസ്ഥാപനമുടമ വഴി 6% പലിശയ്ക്ക് 10 കോടി രൂപയുടെ വായ്പ പരാതിക്കാര്‍ക്കു മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. നാലു കോടി നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കു പരാതി നല്‍കിയ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലിനാണ് വായ്പ വാഗ്ദാനം ചെയ്തത്.
പട്ടേല്‍ ഏതു നാട്ടുകാരന്‍ ആണെന്ന് ആര്‍ക്കും അറിയില്ല. ഇങ്ങനെയൊരു പട്ടേലിനെ ആരും കണ്ടിട്ടുമില്ല. പരാതിക്കാരനായ യാക്കൂബ് ഒരുതവണ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഫോണില്‍ ചിത്രം കാണിച്ചുകൊടുത്തു. പരാതിക്കാര്‍ അവിശ്വാസം പ്രകടിപ്പിക്കുമ്പോഴെല്ലാം ഓരോ ഉന്നതരുടെ പേരുകള്‍ മോന്‍സന്‍ എടുത്തുപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.