കൊച്ചി: മോൻസൻ മാവുങ്കലുമായി നടൻ ബാലയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകൻ പ്രേം രാജ്. ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനത്തിൽ മോൻസൻ ഇടപെട്ടിരുന്നു എന്നും ഇയാളുടെ കലൂരുള്ള വീട്ടിൽ വച്ചാണ് മധ്യസ്ഥ ചർച്ച നടന്നതെന്നും പ്രേം രാജ് പറഞ്ഞു.
മോൻസനെതിരെ പരാതി നൽകിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് വീട്ടിൽ ഉണ്ടായിരുന്നു. ബാലയ്ക്ക് വേണ്ടി അനൂപായിരുന്നു അന്ന് സംസാരിച്ചതെന്നും പ്രേം രാജ് പറഞ്ഞു.
കുടുംബ കോടതിയിൽ ഇത് സംബന്ധിച്ച കേസ് നടന്നപ്പോൾ ബാല എത്തിയത് മോൻസന്റെ കാറിലായിരുന്നു. അനൂപാണ് അന്ന് കാർ ഓടിച്ചിരുന്നത്. ഇരുവരുമായി ബാലയ്ക്ക് സൗഹൃദമുണ്ടെന്നും പ്രേം രാജ് പറഞ്ഞു.