കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതോല്പാദനം കുറഞ്ഞതിൽ കേരളത്തിലും ആശങ്ക.ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും. ഇപ്പോൾ മഴ ഉള്ളതിനാൽ വൈദ്യുതി ആവശ്യം കുറവാണ്. ഇതിനാലാണ് തൽക്കാലം പ്രതിസന്ധി ഒഴിവായിരിക്കുന്നത്.
ഒരാഴ്ചയായി കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയിൽ ദിവസേന 300-350 മെഗാവാട്ട് കുറവുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വിഹിതത്തിൽ 150 മെഗാവാട്ട് വരെയാണ് കുറവ്.
വൈദ്യുതോല്പാദനം കുറഞ്ഞതിനാൽ പവർ എക്സ്ചേഞ്ചിൽ രാത്രിയിൽ റെക്കോർഡ് വിലയാണ്.അടുത്തിടെ യൂണിറ്റിന് 19-20 രൂപവരെ വില ഉയർന്നിരുന്നു.
പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യതയിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ കാണുന്ന മാർഗ്ഗം ജല വൈദ്യുതിയുടെ ഉത്പാദനം വർധിപ്പിക്കാലാണ്. ഇടുക്കിയിലെ രണ്ടാം നിലയം അനുമതികൾ എല്ലാം വാങ്ങി അടുത്ത വർഷം നിർമാണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.