തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന വാക്സിൻ വിതരണം ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കും . ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ ഒരു വയസിൽ താഴെയുളള കുട്ടികൾക്കാണ് നല്കുക എന്നാണ് റിപ്പോർട്ട്. മൂന്നു ഡോസായിട്ടായിരിക്കും വാക്സിൻ നൽകുക.
കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പുകൾ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്സിൻ നൽകും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ തടയാനാണ് ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്.
വെളളിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒന്നര മാസം പ്രായായ കുട്ടികൾക്കാണ് ആദ്യം കുത്തിവയ്പ്. പിഎച്ച്സികൾ, സി എച്ച് എസികൾ, താലൂക്ക് ആശുപത്രികൾ തുടങ്ങി സർക്കാർ ആശുപത്രികളിലൂടെയെല്ലാം കുത്തിവയ്പ് ലഭിക്കും. മൂന്നര, ഒൻപത് മാസപ്രായപരിധിയിലാണ് അടുത്ത ഡോസുകൾ എടുക്കേണ്ടത്.