തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക്. മുൻകൂട്ടി രജിസ്ട്രേഷന്‍ ഇല്ലാതെ സ്കൂൾ ജീവനക്കാർ നേരിട്ടെത്തിയാൽ തിരിച്ചറിയൽ കാർഡ് വെച്ചാണ് വാക്സിൻ നൽകുന്നത്. സംസ്ഥാനത്തെ സ്കൂളുകളിലാകെ 165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണുള്ളത്. അധ്യാപകരുടെ മാത്രം വാക്സിൻ 93 ശതമാനമെങ്കിലും പിന്നിട്ടെന്നാണ് കണക്ക്. ഇനിയുമെടുക്കാത്തവരുടെ കണക്കും സർക്കാരെടുക്കുന്നുണ്ട്.
പകുതി കുട്ടികൾ സ്കൂളിലെത്തുന്ന തീരുമാനമെടുത്താലും ചുരുങ്ങിയത് വിദ്യാർത്ഥികളും അധ്യാപകരുമടക്കം 25 ലക്ഷം പേരാണ് ഒറ്റദിവസം എത്തുക. ലോകാരോഗ്യസംഘടന അടക്കം കുട്ടികൾക്ക് വാക്സിൻ വേണ്ടെന്ന് പറയുമ്പോഴും രക്ഷിതാക്കളുടെ ആശങ്ക മാറിയിട്ടില്ല. എന്തായാലും വ്യാപനം സംബന്ധിച്ച് സംസ്ഥാനം എടുക്കാൻ പോകുന്ന ഏറ്റവും വലിയ റിസ്കായിരിക്കും സ്കൂൾ തുറക്കൽ.