ന്യൂഡൽഹി: യുവ രക്തമായ കനയ്യകുമാർ ഇനി കോൺഗ്രസിൽ. വൈകിട്ട് നാല് മണിയോടെ രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹി ഐടിഒയിലെ ഭഗത് സിംഗ് പ്രതിമക്ക് മുന്നിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് കനയ്യകുമാർ തുടർന്ന് എഐസിസി ആസ്ഥാനത്ത് എത്തി കോൺഗ്രസിൽ ചേർന്നത്. കനയ്യകുമാറിനൊപ്പം എഐസിസി ആസ്ഥാനത്ത് എത്തിയ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും പാർട്ടിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
നിലവിൽ ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎൽഎയായ ജിഗ്നേഷ് മേവാനിക്ക് പാർട്ടി അംഗത്വം സ്വീകരിക്കാൻ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹം കോൺഗ്രസ് സഹയാത്രികനായി പ്രവർത്തിക്കും. കനയ്യകുമാറിനേയും ജിഗ്നേഷ് മേവാനിയേയും സ്വാഗതം ചെയ്തുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞ എഐസിസി ആസ്ഥാനത്തേക്ക് വൈകിട്ട് അഞ്ച് മണിയോടെ കനയ്യകുമാറും, ജിഗ്നേഷ് മേവാനിയും എത്തി
ഇതിന് മുൻപായി ഇരുവരും രാഹുൽ ഗാന്ധിക്കൊപ്പം ഭഗത് സിംഗ് സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. പിന്നീട് എഐസിസി ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജെവാല എന്നിവർക്കൊപ്പം ഇരുവരും മാധ്യമങ്ങളെ കാണാനെത്തി. മുതിർന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുടർച്ചയായ പലായനത്തിൽ വലഞ്ഞ കോൺഗ്രസ് ക്യാംപിന് വലിയ ആവേശവും ആത്മവിശ്വാസവും നൽകുന്നതാണ് കനയ്യകുമാറിൻ്റേയും ജിഗ്നേഷ് മേവാനിയുടേയും വരവ്.