കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സൻ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മോൻസൺ കോടതിയെ അറിയിച്ചു. തുടർന്ന് ഇയാള്‍ക്ക് മതിയായ ചികിത്സകള്‍ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
അതേസമയം, പുരാവസ്തുക്കളുടെ രേഖകള്‍ ഹാജരാക്കാന്‍ മോന്‍സന് കസ്റ്റംസ് നോട്ടിസ് നൽകി. 10 ആഢംബര വാഹനങ്ങളുടെ വിശദാംശങ്ങളും തേടി. വാഹനങ്ങള്‍ വിദേശത്തുനിന്ന് എത്തിച്ചതാണോ എന്നും പരിശോധിക്കും. മോൻസൺ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു.
മൂന്ന് ദിവസത്തെ കസ്റ്റഡി കൊണ്ട് മോൻസണിൻ നിന്ന് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ കഴിയില്ല. അതിനാൽ മൂന്ന് ദിവസത്തിന് ശേഷം കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെടാനായിരിക്കും ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.
ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് കേസ് പരിഗണനയ്ക്കായി വച്ചത്. എന്നാല്‍ വൈദ്യപരിശോധനയ്ക്കിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ആരോഗ്യനില വീണ്ടെടുത്തതിന് പിന്നാലെ വൈകീട്ട് നാല് മണിയോടെയാണ് മോന്‍സനെ കോടതിയില്‍ ഹാജരാക്കിയത്.