ലക്‌നൗ: പഞ്ചാബ് കോണ്‍ഗ്രസ് പിസിസി അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. രാജിക്കത്ത് എഐഎസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദർ സിംഗ് രാജിവയ്ക്കുകയും പുതിയ സർക്കാർ അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദുവിൻ്റെ രാജി.
കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം. വ്യക്തിത്വം പണയപ്പെട്ടത്തി ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്ന് രാജിക്കത്തിൽ കുറിച്ചാണ് സിദ്ദു പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തൻ്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദുവിൻ്റെ രാജി.
സിദ്ദുവുമായുള്ള ഭിന്നതരൂക്ഷമായതോടെയാണ് അമരീന്ദർ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രാജിവച്ച ശേഷം സിദ്ദുവിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്ന അമരീന്ദർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് പഞ്ചാബ് മുഖ്യമന്ത്രിയാവാനുള്ള നവജ്യോത് സിദ്ദുവിൻ്റെ മോഹം നടക്കില്ലെന്നും സിദ്ദുവിനെ തോൽപിക്കാൻ ഏതറ്റം വരേയും പോകുമെന്നും വ്യക്തമാക്കിയിരുന്നു. പഞ്ചാബിലുള്ള അമരീന്ദർ ഇന്ന് ദില്ലിയിലേക്ക് വരുന്നുണ്ട്. അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണും എന്ന അഭ്യൂഹം ശക്തമാണെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.