ഇന്ത്യൻ സേനയുടെ കരുത്ത് ലോകം തിരിച്ചറിഞ്ഞ സർജിക്കൽ സ്ട്രൈക്ക് നടന്നിട്ട് ഇന്നേക്ക് അഞ്ചു വർഷം. ജമ്മുകാശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടി ആയിട്ടായിരുന്നു അർദ്ധരാത്രിയിൽ പാക് അതിർത്തി കടന്ന ഇന്ത്യൻ കമാൻഡോകളുടെ മിന്നലാക്രമണം. കൊല്ലപ്പെട്ട സൈനികരുടെ രക്തസാക്ഷിത്വത്തിന് ഇന്ത്യൻ സൈന്യം അതേനാണയത്തിൽ മറുപടി നൽകുകയായിരുന്നു.
2016 സെപ്റ്റംബർ 18 നാണ് ജയഷെ ഭീകരർ ഉറിയിലെ സൈനികരുടെ ആസ്ഥാനം ലക്ഷ്യമിട്ടത്. ഭീകരാക്രമണത്തിൽ ഭാരതത്തിന് നഷ്ടപ്പെട്ടത് 19 സൈനികരെയാണ്. ഉറി ആക്രമണത്തിനുശേഷം കേന്ദ്രസർക്കാർ സൈനിക മേധാവികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.
1971 നു ശേഷം നിയന്ത്രണരേഖ കടന്ന് പാകിസ്ഥാന് മറുപടി നൽകി പാരഷൂട്ട് റെജിമെന്റ് ഭാഗമായ കമാൻഡോകൾ. പാക് അധീന കശ്മീരിൽ മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ തകർത്ത കമാൻഡോകൾ തിരിച്ചെത്തി. സർജിക്കൽ സ്ട്രൈക്ക് എന്ന് രാജ്യം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നൽ ആക്രമണത്തിൽ 40 ഭീകരരെ സൈന്യം വധിച്ചു. അഫ്ഗാനിസ്ഥാനിൽ തീവ്രവാദ സംഘടനയായ താലിബാൻ ഭരണത്തിൽ എത്തുമ്പോഴാണ് ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് അഞ്ചാം വാർഷികം ആചരിക്കുന്നത്.
ഇന്ത്യയുടെ സൈനിക ശക്തി ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുക മാത്രമല്ല പാകിസ്ഥാനും ചൈനയും ഉയർത്തുന്ന ഭീഷണികൾക്ക് ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ രാജ്യം പ്രാപ്തം എന്ന് ഓർമ്മിപ്പിക്കുക കൂടിയാണ് അഞ്ചാം വാർഷികത്തിൽ ഇന്ത്യ.