കൃഷ്ണചൈതന്യ ,നരേന്ദ്ര ഭൂഷൺ, സുധാംശു ചതുർവേദി എന്നീ പേരുകൾ കേൾക്കുമ്പോൾ തോന്നാം ഈ വടക്കേ ഇന്ത്യക്കാരാണോ മലയാളത്തിൽ കൃതികൾ എഴുതിയതെന്ന്. മലയാള കൃതികളുടെ കർത്താക്കളാ ണോ ഇവർ എന്ന്. എന്നാൽ കേരളത്തിൽ വന്ന് ഭാഷാ സേവനം നടത്തി വന്നതു പോലെ തിരിച്ചു പോയ സുധാംശു ചതുർവേദിയാണ് ഇന്നത്തെ നമ്മുടെ കഥാപാത്രം.
1983ലാണ് തൃശൂർ കേരള വർമ്മ കോളജിൽ വച്ച് സുധാംശു ചതുർവേദിയെപ്പരിചയപ്പെടുന്നത്. ഞാനന്ന് മലയാളം ലക്ചറർ പോസ്റ്റിന്റെ ഇന്റർവ്യൂവിന് അവിടെ പോയതായിരുന്നു. അദ്ദേഹം ഹിന്ദി വിഭാഗത്തിലെ അദ്ധ്യാപകനും. അന്ന് അദേഹത്തെ ചുറ്റിപ്പറ്റി എന്തോ കശപിശകൾ നടക്കുന്ന കാലമാണ്.
ഞാൻ മലയാള അദ്ധ്യാപകന്റെ തസ്തികക്കാണ് അപേക്ഷിച്ചിരുന്നത്. എന്റെ സഹപാഠി കൊട്ടാരക്കരക്കാരൻ അനിൽ കുമാറിനാണ് അന്നവിടെ ഉദ്യോഗം ലഭിച്ചത്. ഇപ്പോൾ അദ്ദേഹം റിട്ടയർ ചെയ്തിട്ട് നാലഞ്ച് കൊല്ലം കഴിഞ്ഞു.ഒന്നോ രണ്ടോ തവണ തൃശൂരു വച്ച് സുധാംശു ചതുർവേദിയുമായി സംസാരിച്ചിട്ടുണ്ടെന്നല്ലാതെ അടുത്ത ബന്ധമൊന്നുമില്ല. ഒരു കഥ തർജമ ചെയ്തിട്ടുമുണ്ട്.
ഇന്ന് അദ്ദേഹത്തെപ്പറ്റി വെറുതെ ആലോചിച്ചു പോയി. “നിളയിലേക്കൊഴുകിയ ഗംഗ ” എന്നൊരു പുസ്തകം കണ്ടപ്പോൾ ! സുധാംശു ചതുർവേദിയുടെ ജീവചരിത്രമാണത്. കവിയും അദ്ധ്യാപകനുമായിരുന്ന തിരുത്തിക്കോട് പ്രഭാകരന്റെ മകൻ ഇ.ജയചന്ദ്രൻ എഴുതിയതാണ് ഗ്രന്ഥം. 1995 ൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയ മലയാള പുസ്തകം. ജീവചരിത്രം പൂർണ്ണമല്ല. ഇപ്പോഴും സുധാംശു ചതുർവേദി ജന്മനാടായ യു.പി.യിലുണ്ട്.
158 പുറങ്ങളുള്ള സുധാംശു ചതുർവേദിയുടെആ ജീവചരിത്രം വായിച്ചു കഴിഞ്ഞപ്പോൾ തോന്നി. ഇതങ്ങനെ വിട്ടുകളയാനുള്ള തല്ലന്ന് ! ഒന്നോ ഒരു മുറിയോ പുസ്തകങ്ങളല്ല 102 പുസ്തകങ്ങളാണ് സുധാംശു ചതുർവേദി രചിച്ചിരിക്കുന്നത്. അവയിൽ ഏറെയും. നിങ്ങളെ അദ്ഭുതപ്പെടുത്തും സംസ്കൃതത്തിൽ നിന്നും ഹിന്ദിയിൽ നിന്നുമുള്ള വിവർത്തന പുസ്തകങ്ങൾ. ബാലസാഹിത്യവും ഏറെയുണ്ട്. ഏതൊരു മലയാള എഴുത്തുകാരനേക്കാൾ കൂടുതൽ കൃതികൾ രചിച്ചയാളാണ് സുധാംശു ചതുർവേദി എന്നറിയുമ്പോൾ ആശ്ചര്യം ഇരട്ടിക്കും. തകഴിയുടെ “കയർ ” വരെ ഹിന്ദിയിലാക്കിയ ആളുടെ ആർജ്ജവം ഒന്നാലോചിച്ചു നോക്കുക.
“കാളിദാസ സർവ്വസ്വം ” എന്ന ഒറ്റ കൃതി മതിയല്ലോ അദ്ദേഹത്തിന്റെ പേര് എന്നെന്നും നിലനിൽക്കാൻ. കാളിദാസന്റെ കൃതികളെല്ലാം അരിച്ച് പെറുക്കി വള്ളിപുള്ളി വിസർഗ്ഗം മാറ്റാതെ മലയാളത്തിൽ വിളമ്പിത്തരാൻ മറ്റാർക്കെങ്കിലും പറ്റിയോ ?
ഇടത് വശത്ത് സംസ്കൃതവും വലതു വശത്ത് മലയാളവുമായി പല പതിപ്പുകളിറങ്ങി. കൃതികളെല്ലാം എണ്ണിയെണ്ണിപ്പറയാം ഒടുവിലാകട്ടെ.
ഇത്രയൊക്കെ എഴുതിക്കൂട്ടാൻ ഒരു യു.പി.ക്കാരന് എങ്ങനെ കഴിഞ്ഞു. ഇതിനും മാത്രമുള്ള മലയാളം എവിടുന്നു കിട്ടി ? യു.പി.യിൽ നിന്ന് ഇങ്ങ് കൊച്ചു കേരളത്തിലെ കേരള വർമ്മ കോളേജിൽ വന്ന് പഠിപ്പിക്കാൻ കാരണമെന്ത്?
ഇതൊക്കെ അന്വേഷിച്ചു പോകുമ്പോൾ രസകരമായൊ രു ജീവിത കഥ വായിച്ചെടുക്കാം. ആളൊരു സംഭവം തന്നെ!
കൃത്യമായിപ്പറഞ്ഞാൽ അദ്ദേഹം കേരള വർമ്മ കോളേജിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു. പിന്നീട് പ്രിൻസിപ്പലായി റിട്ടയർ ചെയ്തു. തൃശൂരിൽ പല വിധ പ്രശ്നങ്ങളിൽ കുരുങ്ങി കേരളം വിട്ടതാണ്. ഇപ്പോൾ 78 വയസ്സു കാണും.ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സുധാംശു ചതുർവേദിയുടെ ജനനം. സംസ്കൃതത്തിലും ഹിന്ദിയിലും മലയാള ത്തിലുമായിരുന്നു മാസ്റ്റർ ബിരുദങ്ങൾ നേടിയിട്ടുള്ളത്. ഹിന്ദിയിലാണ് പിച്ച് ഡി. ഹിന്ദിയിൽ തന്നെ സാഹിത്യ രത്നവും എടുത്തിട്ടുണ്ട്. ഇതൊക്കെ യു.പി.യിലിരുന്ന് എങ്ങനെ സാദ്ധ്യമാക്കി എന്നാണെങ്കിൽ ആദ്യം മുതൽ തുടങ്ങാം. അഴിച്ചാംകുഴി ച്ചാം ഒന്നേന്ന്!
സ്വാതന്ത്ര്യത്തിന് മുമ്പ് 1943 ഫെബ്രുവരി 15 നായിരുന്നു സുധാംശുവിന്റെ ജനനം. ഒരു ജന്മി കുടുംബത്തിൽ. പണ്ഡിറ്റ് പ്രഭുദയാൽ ചതുർ വേദിയുടെ മകനായി! ദേശീയ പ്രസ്ഥാനമായി ബന്ധപ്പെട്ട ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേയും. ജഡ്ജിമാരുള്ള കുടുംബം. പത്തമ്പത് പേരുണ്ട് ഒരു വീട്ടിൽ. 5 വയസ്സുള്ളപ്പോൾ മൂന്നാം ക്ലാസ്സിൽ പഠിച്ച ബഹു മിടുക്കനാണ്. പേടിമൂലം ക്ലാസ്സ് മാസ്റ്ററുടെ മേശയ്ക്കടിയിൽ ഒളിച്ചിരുന്ന പയ്യൻ എട്ടാം ക്ലാസ്സിലായപ്പോൾ നോവലെഴുതി. മാത്രമോ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. “കല്പന “! കാൺ പൂരിലെ പ്രമുഖ പ്രസാധകൻ ബ്രജ് മോഹൻ ദീക്ഷിത് വീട്ടിൽ വരുമായിരുന്നു. അങ്ങനെ പൊക്കിക്കൊണ്ടുപോയതാണ് പയ്യന്റെ കൃതി.നൂറ് പേജിലധികം വരുന്ന നോവലാണ് ഹിന്ദിയിൽ വന്നത്.
ജന്മിത്വം അതിന്റെ സകലമാന പ്രതാപങ്ങളോടെ കത്തി ദിൽക്കുന്ന കാലത്തായിരുന്നു സുധാംശുവിന്റെ ജനനം. ഉത്തർപ്രദേശിലെ ഫറൂഖാബാദ്, ഏട്ടാ, മൈൽ പുരി എന്നീ മൂന്ന് ജില്ലകളിലായിരുന്നു കൊള്ളക്കാരുടെ താവളങ്ങൾ കൂടുതൽ. അതിനിടയിലൂടെയാണ് ദിവസവും 32 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒന്നാം റാങ്കോടെ ഹൈസ്ക്കൂൾ പാസ്സായത്. ഉടനെ വീട്ടിലറിയിക്കാതെ കാൺ പൂരിൽ നേവിയുടേയും എയർഫോഴ്സിന്റെയും മൽസരപ്പരീക്ഷയെഴുതി. ചങ്ങമ്പുഴയെപ്പോലെ നല്ല പൊക്കവും പത്താം ക്ലാസ്സിലെ മാർക്കും നോക്കിയപ്പോൾ പുഷ്പം പോലെ സേനയിലെടുത്തു. അദ്ദേഹം അന്ന് ആ വഴിക്ക് പോയിരുന്നെങ്കിലോ? മലയാളത്തിന്റെ ഭാഗ്യം. മറിച്ചും പറയുന്നവർ തൃശൂരിലുണ്ട്.
വീട്ടിലും കാൺപൂരിലെ നേവിയോട് ഇഷ്ടമില്ലായിരുന്നു. ആയുസ്സ് ഏറാതെ കാഞ്ഞു പോകാൻ സൈന്യത്തിൽ ചേരുകയോ? പിന്നെ,ഭാരതീയശിക്ഷാ സദനിൽ ഇന്റർമീഡിയറ്റിന് ചേർന്നു. ജ്യേഷ്ഠൻ ഓം പ്രകാശ് ചതുർവേദിയുടെ കൂടെ നിന്നു പഠിച്ചു. സ്വന്തം കാലിൽ നിൽക്കാനായിരുന്നു സ്മര്യപുരുഷന് അന്നേ താത്പര്യം.മജിസ്ട്രേറ്റിന്റെ മകൾക്ക് ഹോം ടൂഷൻ എടുക്കാൻ സുധാംശു പോയിത്തുടങ്ങി. തുടർന്ന് പല ഉന്നത ന്മാരുടെയും പെൺമക്കൾക്ക് ട്യൂഷൻ സാറായി.
റെയിൽവേയിൽ ജോലിക്ക് പോകാതെ പഠിക്കാൻ പോകുന്നതും പെൺകുട്ടികളുടെ വീട്ടിൽ പോയി ട്യൂഷൻ പഠിപ്പിക്കുന്നതും വീട്ടുകാർക്കിഷ്ടമായില്ല. ബാല്യ വിവാഹത്തിന്റെ കാലമാണന്ന്. വീട്ടുകാർ കല്യാണത്തിന് നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. അതിന് വീട്ടിലേക്കു ദർശിച്ചിട്ടു വേണ്ടേ ? വീട്ടിൽ നിന്ന് വലിഞ്ഞു. എം.എ. പഠനം പൂർത്തിയാക്കുന്നതുവരെ ബറേലിയിൽ മൽഹോത്രയുടെ വീട്ടിൽ തന്നെയാണ് താമസിച്ചത്.അതിന് മുമ്പേ എഴുത്ത് തുടങ്ങിക്കഴിഞ്ഞിരുന്നു. തുളസീദാസന്റെ “രാമചരിതമാനസം “, “ശ്രീമദ് ഭഗവത് ഗീത “, “ദുർഗ്ഗാസപ്തശതി” എന്നു വേണ്ട കടുകട്ടി രസായനങ്ങളെല്ലാം മോന്തി ഉഷാറായി. എല്ലാം കാണപ്പാഠമാക്കി അവയെപ്പറ്റി പഠനങ്ങളും എഴുതിത്തുടങ്ങി. ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് സംസ്കൃതത്തിൽ ഒന്നാം റാങ്കും സ്വർണ്ണമെഡലും നേടി.
19-ാം വയസ്സിൽ പഠനം പൂർത്തിയാക്കിയപ്പോൾ മടങ്ങി വീട്ടിലേക്ക് പോകണ്ടെന്ന് സുധാംശു തീരുമാനിച്ചു. നേരെ ഡൽഹിയിലേക്ക് വണ്ടി കയറി. വീട്ടിലറിയിച്ചില്ല. തന്റെശിഷ്യന്റെ അച്ഛൻ ബിഷൻ ചന്ദ്ര സേഠ് എം.പി. പലതവണ വീട്ടിലേക്ക് ക്ഷണിച്ചതാണ്. അങ്ങനെ ഡൽഹിയിലെത്തി . 118, സൗത്ത് അവന്യൂവിലായി താമസമായി .അമ്മാവനും അടുത്തു തന്നെ താമസം. പക്ഷേ, മുഖം കൊടുക്കാതെ ഒളിച്ചു നടന്നു. അമ്മാവൻ ബനാർസിദാസ് ചതുർവേദി സാഹിത്യത്തിന്റെ ക്വാട്ടയിൽ എം.പി. ആയതാണ്.
ഇനിയാണ് കഥ തുടങ്ങുന്നത്. തേരാപ്പാരാ സമ്മേളനങ്ങളും യോഗങ്ങളും കണ്ട് സുധാംശു അങ്ങനെ നടപ്പാണ്.
നെഹ്രുവുമായി മുട്ടണം. അതിന് തക്കം പാർത്ത് ഒടുവിൽ ആഗ്രഹം സാധിച്ചു. നെഹ്രുവുമായി സുധാംശു അടുപ്പമായി. ഹിന്ദിയിൽ പിടിച്ചാണ് കേറിയത്. 1965 ൽ, ഹിന്ദി, രാജ്യത്തെ ഔദ്യോഗികഭാഷയാക്കേണ്ടിയിരുന്നതാണ്. എന്നാൽ അഹിന്ദി പ്രദേശങ്ങളിലെ ജനങ്ങളുടെ പരിപൂർണ്ണമായ സമ്മതം ലഭിക്കുന്നതുവരെ ഹിന്ദി രാജ്യ ഭാഷയായി നടപ്പാക്കേണ്ടതില്ലെന്ന് നെഹ്രു പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ വൈകിക്കരുതെന്ന് പറഞ്ഞ് മുറവിളി കൂട്ടിയവരിൽ സുധാംശുവുണ്ടായിരുന്നു.
എടുപിടി ഹിന്ദി നടപ്പാക്കാൻ കുറ്റിയും പറിച്ചിറങ്ങിയ ഹിന്ദീ വാലകളോട് ജവഹരിലാൽ നെഹ്രു അന്ന് ചോദിച്ചൊരു ചോദ്യമുണ്ട്:
“ഉത്തരേന്ത്യക്കാർ ഹിന്ദി എല്ലായിടത്തും എത്തണമെന്ന് പറയും. എന്നാൽ അവർ ഒരു ഭക്ഷിണേന്ത്യൻ ഭാഷ പഠിക്കാൻ തയ്യാറാകുന്നില്ല. നിങ്ങൾക്ക് ഏതെങ്കിലും ദക്ഷിണേന്ത്യൻ ഭാഷ പഠിക്കാൻ സാധിക്കുമോ?” ഇത് തന്നെ നെഹ്രുവിനെ കുപ്പിയിലാക്കാനുള്ള നല്ല തക്കം. സുധാംശുഎണീറ്റു നിന്ന് ചോദിച്ചു: ” ഏത് ദക്ഷിണേന്ത്യൻ ഭാഷയും പഠിക്കാൻ ഞാൻ തയ്യാർ. ഏത് ഭാഷ പഠിക്കണമെന്ന് അങ്ങ് പറഞ്ഞാൽ മതി. ” നെഹ്രു പറഞ്ഞു: “എങ്കിൽ മലയാളം പഠിക്കൂ. മാത്രമല്ല ആ ഭാഷയിൽ രചന നടത്താനും കഴിയണം.” അതാണ് നെഹ്രു !
ആ വർഷം പുതുതായി ആരംഭിക്കുന്ന മോഡേൺ ഇന്ത്യൻ ലാംഗ്വേജസ് (MIL) കോഴ്സിനു ചേരാൻ സുധാംശു ചതുർവേദി തീരുമാനിച്ചു.
രണ്ട് വിഷയങ്ങൾ ഒരേ സമയം ഐഛിക വിഷയമായെടുക്കാം. മലയാളത്തോടൊപ്പം ഹിന്ദിയുമെടുത്തു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഒ.എം അനുജനാണ് മലയാളത്തിന്റെ തലവൻ. ഒമ്പത് വിദ്യാർത്ഥികൾ മലയാളം പഠിക്കാൻ വന്നിട്ടുണ്ട്. എട്ടുപേരും പെൺകുട്ടികൾ. സ്വരാക്ഷരങ്ങൾ പഠിപ്പിച്ചു കൊണ്ടാണ് ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചത്. “അ” എന്ന അക്ഷരം പഠിച്ചു കഴിഞ്ഞപ്പോഴേക്കും ശിഷ്യകൾ എട്ടും സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. അവർ പോയി വേറെ ഭാഷ എടുത്തു. മലയാളം പഠിക്കാൻ
സുധാംശു മാത്രമായി.
“അ” ക്കു പകരം “ക” ആയിരുന്നെങ്കിൽ വിദ്യാർത്ഥിനികൾ കുറെ ക്ലാസ്സിൽ കൂടി ഇരിക്കുമായിരുന്നു. ഒ.എം. അനുജനെക്കൂടാതെ ഏവൂർ പരമേശ്വരനും അദ്ധ്യാപകനായെത്തി. മലയാളം പഠിക്കാൻ വിദ്യാർഥികൾ മാത്രമില്ല. സുധാംശുവിന് സൗകര്യമായി. അക്ഷരമാല പഠിക്കാനേ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായുള്ളൂ. ഒറ്റക്കായതിനാൽ ക്ലാസ്സിലല്ലെങ്കിലും വീട്ടിൽ ഒറ്റക്ക് പോയി ഏറെ സമയം പഠിക്കാൻ പറ്റി.
ഹിന്ദി പഠനത്തേക്കാൾ സമയം മലയാളത്തിനെടുത്ത് പഠിച്ചു. അനായാസേന കേരള പാണിനീയവും ഭാഷാഭൂഷണവും വൃത്തമഞ്ജരിയും കുട്ടിക്കൃഷ്ണമാരാരുടെ “ഭാരതപര്യട “നവും കേശവദേവിന്റെ “ഓടയിൽ നിന്നും ” പഠിച്ചു തള്ളി ,എന്നു പറഞ്ഞാൽ മതിയല്ലോ. മലയാളം ,ഹിന്ദി എം. എ.ക്ക് പഠിക്കുന്നതിനോടൊപ്പം അലഹബാദ് സാഹിത്യ സമ്മേളനത്തിന്റെ ഹിന്ദി സാഹിത്യരത്ന പരീക്ഷയും പാസ്സായി.
പഠിക്കുന്ന കാലത്തു തന്നെ ഡൽഹി ആകാശവാണിയിൽ കുറെക്കാലം കാഷ്വൽ അനൗൺസറായി പോയി. പിന്നെ കവിതയും പ്രഭാഷണങ്ങളും അവതരിപ്പിച്ച് വരുമാനമുണ്ടാക്കി. ഡൽഹിയിലെത്തി ഏഴ് മാസം കഴിഞ്ഞില്ല. “യുദ്ധ് ഔർ മാനവ് ” എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. ദേവ് സാഗർ, ആചാര്യ , സരസ്വതി, ധർമ്മ യുഗ്, ഭാഷ, ആജ് കൽ, സപ്താഹിക്ക് ഹിന്ദുസ്ഥാൻ… തുടങ്ങിയ ധാരാളം പത്രമാസികകളിൽ തുടർച്ചയായി എഴുതാനും തുടങ്ങി.റേഡിയോയിലൂടെ ശബ്ദം കേട്ടാണ് വീട്ടുകാരറിയുന്നത്. മകനിപ്പോൾ ഡൽഹിയിലുണ്ടെന്ന്! പരിഷ്ക്കാരിയായിട്ടുണ്ടാവും. പൂണൂലും കുടമയും ഉപേക്ഷിച്ച് മദാമ്മയെ കെട്ടിക്കാണും…. ഈ വിധമാണ് വീട്ടുകാർ ചിന്തിച്ചത്.
രണ്ട് കൊല്ലം കൊണ്ട് മലയാളം പഠിച്ചിറങ്ങുമ്പോൾ സുധാംശു ചതുർവേദി പാഠപുസ്തകങ്ങളായ, മാരാരുടെ “ഭാരതപര്യടന “വും
കേശവദേവിന്റെ “ഓടയിൽ നിന്നും ” ഹിന്ദിയിലാക്കിക്കഴിഞ്ഞു. പലതും “ദേവ്സാഗറി ” ൽ തർജമ ചെയ്തും കഴിഞ്ഞു. എം.പി.മാരോടൊപ്പം സഹവാസമായതു കൊണ്ട് നെഹ്രുവിനു പുറമേ ഡോ.എസ്.രാധാകൃഷ്ണൻ ലാൽ ബഹദൂർ ശാസ്ത്രി, സക്കീർ ഹുസൈൻ, വി.വി.ഗിരി എന്നിവരായുമൊക്കെ പരിചയത്തിലായി.
ദേശീയോദ്ഗ്രഥനം തലക്കു പിടിച്ചകാലത്ത് നെഹ്രു നേരിട്ട് ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയിലേക്ക് ചെന്ന് ഹിന്ദി പ്രചരിപ്പിച്ചുകൂടേന്ന്. 1964 മേയ് 27 ന് നെഹ്രുവിന്റെ ചരമ ശേഷംപിന്നെ ഒട്ടും താമസിച്ചില്ല സുധാംശു കേരളത്തിലേക്ക് വണ്ടി കയറി. മദ്രാസിൽ നിന്ന് യാത്ര തുടങ്ങിയ ഉടനെ കീശയിട്ടിരുന്ന പൈസയും ടിക്കറ്റും പോക്കറ്റടിച്ച് പോയി. നേരെ പുനലൂർ ഹിന്ദി ട്രയിനിങ് കോളജിലെത്തി.
തുടർന്ന് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയിൽ ലക്ചററായി. മുഖ്യ ജോലി ഹിന്ദി അദ്ധ്യാപകർക്കും പ്രചാരകർക്കുമായി നടത്തുന്ന ശിബിരങ്ങളിൽ ക്ളാസുകൾ എടുക്കുക എന്നതായിരുന്നു. തിരുവനന്തപുരത്ത് ആദ്യമായി പരിചയപ്പെട്ട എഴുത്തുകാരൻ കേശവദേവുമായി സൗഹൃദമായി. പിന്നീട് കേരളത്തിലെ എഴുത്തുകാരെ ഓരോരുത്തരെയായി പരിചയമായി. കത്തിടപാടുകളായി. അവരുടെ കൃതികളുടെ പരിഭാഷയായി. അതറിഞ്ഞ് മലയാളത്തിലെ എഴുത്തുകാർ കൃതികളും പൊക്കിപ്പിടിച്ച് പിന്നെ ക്യൂവായിരുന്നു സുധാംശുവിന് മുന്നിൽ.
അങ്ങനെയിരിക്കെയാണ് ജോസഫ് മുണ്ടശ്ശേരി തിരുവനന്തപുരത്ത് നിന്ന് കൊണ്ട് സുധാംശുവിനെ പൊക്കിക്കൊണ്ട് തൃശൂര് പോകുന്നത് ! കേരള വർമ്മ കോളേജിലെ ഹിന്ദി ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ കൊടുപ്പിച്ച് അങ്കത്തട്ടിലിറക്കുന്നത്.1965 ജനുവരി 11 നാണ് തൃശൂർ കേരള വർമ്മ കോളേജിൽ സുധാംശു ചതുർവേദി ചേർന്നത്. 1985 ൽ 20 വർഷം പൂർത്തിയാകുമ്പോൾ പിരിയണമെന്നായിരുന്നു വിചാരിച്ചത്. ബാക്കി വർഷങ്ങൾ എഴുത്തിൽ മുഴുകാമെന്നും. എന്നാൽ കച്ചിയിൽ തൊടും മുമ്പേ 1984 ഫെബ്രുവരി 18 ന് സുധാംശുവിനെ സർവ്വീസിൽ നിന്ന് സസ്പെൻ്റു ചെയ്തു. എങ്ങനെ സസ്പെന്റ് ചെയ്യാതിരിക്കും. സമയാസമയങ്ങളിൽ ക്ലാസ്സെടുക്കാതെ സാഹിത്യ മെന്ന് പറഞ്ഞു നടന്നാലെങ്ങനാ?
അദ്ദേഹം കൃത്യമായി ക്ലാസ്സുകൾ എടുക്കുന്നില്ല. രണ്ടാം വർഷ പ്രീഡിഗ്രി ക്ലാസ്സിൽ കയറിട്ടു പോലുമില്ല. അർദ്ധ വർഷ പരീക്ഷയുടെ ഉത്തരക്കടലാസ്സുകൾ പരിശോധിച്ച് കുട്ടികൾക്കു കൊടുത്തിട്ടില്ല… കുറ്റങ്ങൾ നിരവധിയായിരുന്നു. അന്നാണ് ആ യു.പി.ക്കാരൻ തൃശൂർ പാരയുടെ കനമറിക്കുന്നത്. ഒടുവിൽ ഒരു ഇൻക്രിമെന്റ് പിടിച്ചു വച്ചിട്ട് സസ്പെൻഷൻ പിൻവലിച്ചു. 2000 വരെ സർവ്വീസിലുണ്ടായിരുന്നു. പ്രിൻസിപ്പലുമായി. എങ്കിലും പലവിധ കുരുക്കുകളിൽ ചെന്ന് ചാടി. പ്രസ്സ് സംബന്ധിച്ച കേസ്സ് …വഴക്ക്….
കാളിദാസ കൃതിയളെല്ലാം മലയാള പരിഭാഷയോടു കൂടി “കാളിദാസസർവ്വസ്വം ” മൂന്ന് വാള്യങ്ങളായി പ്രസിദ്ധപ്പെടുത്തിയതു് സുധാംശുചതുർവേദിയാണ്. ഇടത് വശത്ത് സംസ്കൃതവും വലതുവശത്ത് മലയാളവുമായി .
കാളിദാസൻ ഒരു പഠനം , ഭാസൻ ഒരു പഠനം വേദവ്യാസ ദർശനം, ഭാരതീയ വേദകാലങ്ങളിൽ ,വാത്മീകി രാമായണത്തിന്റെ ഗദ്യപരിഭാഷതുടങ്ങി മലയാളത്തിലേക്ക് ഏറെ കൃതികൾ തർജമ ചെയ്തു.
ഉറൂബിന്റെ സുന്ദരികളും സുന്ദരമാരും പി.കേശവദേവിന്റെ അയൽക്കാർ, ഓടയിൽ നിന്ന് സി.ജെ.തോമസിന്റെ അവൻ വീണ്ടും വരുന്നു. തകഴിയുടെ ഏണിപ്പടികൾ, കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത , എൻ.കൃഷ്ണപിള്ളയുടെ കന്യക. ഇത് ഭൂമിയാണ്.
തകഴിയുടെ കയറും അഴീക്കോടിന്റെ തത്ത്വമസിയും അന്തർ ജനത്തിന്റെ അഗ്നിസാക്ഷി വരെയും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തതു് സുധാംശു ചതുർവേദിയാണ്.യശ്പാലിന്റെ പല കൃതികളും മലയാളത്തിലാക്കിയിട്ടുണ്ട്.
തിരുവമ്പാടിയിൽ ഗീതാ പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു പ്രസ്സ് ഒറ്റിക്കെടുത്ത് നടത്തിയിരുന്നു. അവിടുന്നാണ് പുസ്തകങ്ങൾ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്നത്. 1975 ലാണ് സുധാ പബ്ലിക്കേഷൻസ് “കാളിദാസ സർവസ്വം ” പുറത്തിറക്കുന്നത്. ഭാര്യ ഡോ.സുധാ ചതുർവേദി ഹിന്ദിയിലെ പ്രശസ്ത എഴുത്തുകാരിയാണ്. ഭാര്യ ഇതിനോടകം അന്തരിച്ചു. അദ്ദേഹം നാട്ടിലേക്ക് പോവുകയും ചെയ്തു.മലയാളത്തിൽ നിരവധി ഗ്രന്ഥങ്ങളെഴുതി സാഹിത്യ അക്കാഡമിയുടേതടക്കം ധാരാളം പുരസ്ക്കാരങ്ങളും കിട്ടിയുണ്ടെങ്കിലും ഇനിയും പലർക്കും അദ്ദേഹം അപരിചിതനാണ്. തൃശൂരിൽ മൂന്ന് പതിറ്റാണ്ട് പാർത്തിരുന്നു എന്ന്! ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് !