കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി നടന്‍ ബാല. മോന്‍സന്‍ അയല്‍വാസിയായതുകൊണ്ടാണ് ഫോണ്‍ വിളിച്ചത്. മറ്റ് ബന്ധങ്ങളൊന്നുമില്ല,നാല് മാസം മുന്‍പ് നടന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് ബാല പറഞ്ഞു. മോന്‍സനും ഡ്രൈവറും തമ്മിലുള്ള വഴക്ക് തീര്‍ക്കാനാണ് ഇടപെട്ടത്. ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു അതെന്നും ബാല പറഞ്ഞു.
താന്‍ വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിവേണ്ടിവന്നു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഒരു രീതിയിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ബാല പറഞ്ഞു.മോന്‍സന്‍ ചെയ്ത നല്ല കാര്യങ്ങള്‍ കണ്ട് സുഹൃത്തായി. മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് അറിയില്ലായിരുന്നു. തട്ടിപ്പുകളെ കുറിച്ച് മലയാളികള്‍ക്ക് അറിയില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ താമസിക്കുന്ന താന്‍ എങ്ങനെ അറിയുമെന്നും ബാല ചോദിക്കുന്നു.
മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍ ബാല ഇടപെട്ടുവെന്ന വിവരം പുറത്തുവന്നിരുന്നു. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടെന്നായിരുന്നു വിവരം. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നത് കേള്‍ക്കാം.
ബാലയുടെ യൂട്യൂബ് ചാനലില്‍ മോണ്‍സണെ അഭിമുഖം ചെയ്തിട്ടുണ്ട്. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോണ്‍സണ്‍. ബാലയുടെ വിവാഹത്തിനടക്കം മോണ്‍സണ്‍ പങ്കെടുത്തിരുന്നു.