തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ കസ്റ്റഡിയില്‍ വിടണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വിധി പറയും. മോന്‍സണിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്.
എച്ച്എസ്ബിസി ബാങ്കില്‍ തട്ടിപ്പിനായി വ്യാജരേഖയുണ്ടാക്കി. ഇതുവഴി കോടിക്കണക്കിന് രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ മോന്സണ് മാവുങ്കലിനെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
മോൻസൺ മാവുങ്കലിന് ഉന്നത രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ ബന്ധങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. പല ഉന്നതർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഉന്നത വ്യക്തികളുമായി ബിസിനസിനെക്കുറിച്ചു നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും ഇയാൾ തട്ടിപ്പു നടത്താൻ ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.