തിരുവനന്തപുരം: കോൺഗ്രസില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിഎം സുധീരന് പിന്നാലെ രമേശ് ചെന്നിത്തലയുമായും എഐസിസി പ്രതിനിധി താരീഖ് അൻവർ ചർച്ച നടത്തി. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അതിനുള്ള സാഹചര്യം ഒരുക്കാൻ എഐസിസി മുൻകൈയ്യെടുക്കണമെന്നും ചർച്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
ആരെയും ഇരുട്ടിൽ നിർത്തുന്നത് ശരിയല്ല. മുതിർന്ന നേതാക്കളായ വിഎം സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചർച്ച നടത്തണം. പാർട്ടിയെ ശക്തിപ്പെടുത്താൻ എല്ലാ സഹകരണങ്ങളും തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ രമേശ് ചെന്നിത്തല പരിചയസമ്പന്നനായ നേതാവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അഭിപ്രായപ്പെട്ടു. പാർട്ടിയെ ശക്തിപ്പെടുത്താൻ രമേശ് ചെന്നിത്തലയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് നീക്കവും പാളി. എഐസിസി ജനറൽ സെക്രട്ടരി താരിഖ് അൻവർ വീട്ടിലെത്തി ചർച്ച നടത്തിയിട്ടും രാജി പിൻവലിക്കില്ലെന്ന് സുധീരൻ വ്യക്തമാക്കി. പുതിയ കെപിസിസി നേതൃത്വത്തിന് തെറ്റായ ശൈലിയാണെന്നും സുധീരൻ പ്രതികരിച്ചു.