തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി വ്യക്തിപരമായിട്ട് ബന്ധമുണ്ടെന്ന് മുൻ ഡിഐജി എസ് സുരേന്ദ്രൻ. എന്നാൽ ജോൻസൺന്‍റെ ഒരു സാമ്പത്തിക ഇടപാടുകൾക്കും താൻ കൂട്ട് നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുരാവസ്തുക്കൾ കാണാൻ ക്ഷണിച്ചപ്പോൾ വീട്ടിൽ പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ കൊച്ചി പോലീസ് കമ്മീഷണറായിരിക്കുമ്പോൾ മയക്കു മരുന്നിനെതിരെയുള്ള പ്രചാരണ പരിപാടിയിൽ വെച്ചാണ് മോൻസണുമായി പരിചയപ്പെടുന്നത്. വേദിയിൽ വെച്ച് പുരാവസ്തു ശേഖരത്തിന്റെ കാര്യം മോൻസൺ പറയുകയും പിന്നീട് അത് കാണാൻ പോകുകയുമായിരുന്നു. അങ്ങനെയുള്ള ബന്ധമാണ്. അല്ലാതെ ഒരു തരത്തിലുള്ള പണമിടപാടിലും ഇടപെട്ടിട്ടില്ല. തന്റെ സാന്നിധ്യത്തിലോ നിർദ്ദേശത്തിലോ ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള ബന്ധമുണ്ട്. പല ആഘോഷങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ അത്തരത്തിലുള്ള ഏതെങ്കിലും ദൃശ്യങ്ങളിൽ ഒന്നായിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മോന്‍സണ്‍ മാവുങ്കലിനെതിരെ നടപടിയുമായി മലയാളി ഫെഡറേഷൻ രംഗത്തെത്തി . മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കി. പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതിനിടെ പുരാവസ്തു വിൽപനക്കാരൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് അപേക്ഷ നൽകിയത്. ഇതേ കോടതിയിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷയും നൽകിയിട്ടുണ്ട്.