രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിനേഷനുകള്‍ക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി
ഉത്തരവിന് സ്റ്റേ ഇല്ല. ഇടവേള കുറച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി.
കിറ്റെക്സിലെ തൊഴിലാളികള്‍ ആദ്യഡോസ് വാക്സീന്‍ സ്വീകരിച്ചിട്ട് 84 ദിവസം പിന്നിട്ടതിനാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവിന് നിലനില്‍പ്പില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഇടവേള കുറച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ ഈ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കിറ്റെക്സിലെ തൊഴിലാളികളുടെ വാക്സീനേഷന്‍റെ വിശദാംശങ്ങള്‍ കൈമാറാന്‍ കമ്പനിയ്ക്ക് കോടതി നിര്‍ദേശം നല്‍കി. വിദേശത്തു പോകുന്നവര്‍ക്കും മറ്റും 28 ദിവസത്തെ ഇടവേള അനുവദിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും ഇത് വിവേചനമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ കോടതി വ്യാഴാഴ്ച വിശദമായി വാദം കേള്‍ക്കും.