കണ്ണൂര്‍: തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെ അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അഞ്ചോ ആറോ തവണ വീട്ടില്‍പോയിട്ടുണ്ട്. ഡോക്ടറെന്ന നിലയ്ക്ക് ചികില്‍സയ്ക്കാണ് പോയത്. മോന്‍സനുമായുള്ള ഇടപാടുകളില്‍ ഇടനില നിന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
ആരോപണത്തിന് പിന്നിലുള്ള കറുത്ത ശക്തി മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കെ സുധാകരന്‍ കണ്ണൂരില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
തനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു പങ്കുമില്ല. അദ്ദേഹത്തിന്റെ വീട്ടിൽ കോടികൾ വിലമതിക്കുന്ന പുരാതന വസ്തുക്കൾ ഉണ്ട്. അന്ന് മോൻസനെ കുറിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ കാണാന്‍ പോയി എന്നതിലപ്പുറം പരാതിയില്‍ പറയുന്ന ആരുമായി തനിക്ക് ഒരുബന്ധവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു.
പരാതിക്ക് പിന്നില്‍ കറുത്ത ശക്തിയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നാല് തവണ വിളിച്ചതായി പരാതിക്കാരന്‍ തന്നെ പറയുന്നുണ്ട്. അത് ശരിയാണെങ്കില്‍ അതിന്റെ പിന്നില്‍ ഒരു ഗൂഢാലോചയില്ലേ?. ഇത് കെട്ടിചമച്ച കഥയാണ്. തന്നെ മനപൂർവ്വം കുടുക്കാനാണ് ശ്രമം. കരുണാകരന്‍ ട്രസ്റ്റിന്റെ പതിനെട്ട് കോടി തട്ടിയെടുത്ത് എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ എന്തായി. തെളിവ് ഒന്നും ഇല്ലാത്തതിനാല്‍ പരാതിക്കാരനെ ഡിഐജി അദ്ദേഹത്തെ തെറിവിളിച്ചതായാണ് എനിക്ക് വിവരം കിട്ടിയത്.
പരാതിക്കാരന്‍ പറയുന്നത് താന്‍ എംപിയായപ്പോള്‍ ഇടപെട്ടന്നാണ്. 2018ല്‍ താന്‍ എംപിയല്ലെന്നും ഒരു ഫിനാന്‍സ് കമ്മറ്റിയിലും താന്‍ അംഗമായിട്ടില്ലെന്നു സുധാകരന്‍ പറഞ്ഞു. ആരോപിക്കപ്പെട്ട തീയതിയില്‍ എം.ഐ.ഷാനവാസിന്റെ കബറടക്കത്തിലാണ് പങ്കെടുത്തത്. പുരാവസ്തു വിറ്റ പണത്തിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
പത്തുദിവസം മോന്‍സന്റെ വീട്ടില്‍ പോയി താമസിച്ചെന്നാണ് പറയുന്നത്. ഒരിക്കലും സ്‌നേഹിതന്റെ വീട്ടില്‍ താമസിക്കുന്ന സ്വഭാവം തനിക്കില്ല. മോന്‍സനുമായി ബന്ധമുണ്ട്. അവിടെ ഒരു മണിക്കൂറിലധികം താന്‍ നിന്നിട്ടില്ല. കെപിസിസി പ്രസിഡന്റായതിന് ശേഷം തന്നെ ഒരു തവണ കെപിസിസി ഓഫീസില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു വിഷയവും തന്നോട് പറഞ്ഞിട്ടില്ലെന്നും താന്‍ ഇടപെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. എവിടെയെങ്കിലും ഇടപെട്ടെന്ന് ആധികാരികമായ രേഖ മുന്നില്‍ വച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തി ക്ഷമപറഞ്ഞ് ഈ കളത്തോട് വിടപറയുമെന്ന് സുധാകരന്‍ പറഞ്ഞു.