ന്യൂഡല്‍ഹി: കഠിനാധ്വാനത്തിലൂടെ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം നേടിയെടുത്ത നിരവധിപ്പേരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. ബിഹാറിലെ ഗ്രാമത്തില്‍ നിന്ന് ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസില്‍ ഉന്നത വിജയം നേടിയ 22കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഡല്‍ഹി സര്‍വകലാശാലയില്‍ പിജിക്ക് പഠിക്കുന്ന സത്യം ഗാന്ധിയാണ് ആദ്യ ശ്രമത്തില്‍ തന്നെ ആര്‍ക്കും എളുപ്പം എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ആദ്യ പത്തുപേരില്‍ ഇടംപിടിച്ചത്. കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് ഈ 22കാരന്‍ തൻ്റെ ലക്ഷ്യം നേടിയെടുത്തത്.
ഡല്‍ഹിയില്‍ പിജിക്ക് വരുന്നതിന് മുന്‍പ് സാന്‍ഡ് വിച്ച്, മോമോസ് എന്നിവയെ കുറിച്ച് സത്യം ഗാന്ധി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. കരോള്‍ ബാഗിലെ ചെറിയ പിജി മുറിയില്‍ ഇരുന്ന് പഠിച്ചാണ് സത്യം ഗാന്ധി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയത്.
ഒരു വര്‍ഷം കൊണ്ടാണ് സത്യം ഈ നേട്ടം കൈവരിച്ചത്. ആരുടെയും സഹായം തേടാതെ സ്വന്തമായുള്ള പഠനമാണ് വിജയത്തിന് പിന്നിലെന്ന് സത്യം പറഞ്ഞു. സത്യം ഗാന്ധിയുടെ ചെറിയ മുറിയില്‍ നിറയെ ബുക്കുകളും ഭൂപടങ്ങളുമാണ്. ദിവസം എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെ പഠിക്കാറുണ്ട് സത്യം പറഞ്ഞു.