ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. 3 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 11 ഇടത്ത് യെലോ അലർട്ടുമാണ്. എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കേരള- ലക്ഷ്വദീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. നിലവിൽ മണിക്കൂറിൽ 75മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തിപ്രാപിക്കാനാണ് സാധ്യത. വടക്കൻ ആന്ധ്രയിലും ഒഡിഷയുടെ തെക്കൻ മേഖലയിലും കനത്ത മഴ തുടരുകയാണ്.
ഗഞ്ചൻ , ഗഞ്ചപട്ടി, കണ്ഡമാൽ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളിൽ 48 മണിക്കൂർ നേരത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.