ബെംഗളൂരു: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് സാധാരണനിലയില്‍ സമാധാനപരമായി മുന്‍പോട്ട് കൊണ്ടുപോകണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബന്ദ് ജനജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തുട നീളമുള്ള ജില്ലകളില്‍ കര്‍ശന പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ജനങ്ങളുടെ ദൈനംദിന പ്രവൃത്തികളെ ബന്ദ് ബാധിക്കാത്ത രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍, മെട്രോ, ട്രെയില്‍, ആര്‍ടിസി, ബിഎംടിസി എന്നിവ സാധാരണഗതിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നതാണ്. ക്രമസമാധാന നില തകരാന്‍ അനുവദിക്കില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തും പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് ഉണ്ടായ നഷ്ടം കണക്കിലെടുത്ത് ബന്ദിന് പിന്തുണ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ഓട്ടോറിക്ഷ, ടാക്സി ഡ്രൈവര്‍മാരുടെ അസോസിയേഷനുകള്‍ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആര്‍ടിസി അതിന്റെ പ്രവര്‍ത്തനത്തിനായി പോലീസ് വകുപ്പില്‍ നിന്ന് സംരക്ഷണം തേടിയിട്ടുണ്ട്.
അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ച ഏര്‍പ്പെടുത്തിയ ബന്ദ് രാജ്യതാല്‍പ്പര്യമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡിന് ശേഷമുള്ള സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനായി നടത്തുന്ന ഇത്തരം സമരങ്ങള്‍ രാജ്യസ്നേഹികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് കൊണ്ട് പൊതുജനങ്ങള്‍ക്ക് നഷ്ടം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.