തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി നൽകി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകളിലും ബാറുകളിലും എത്തുന്നവരും ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്തവര്‍ ആയിരിക്കണം. ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽക്കുളം എന്നിവയുടെ പ്രവർത്തനവും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് രോഗതീവ്രതയില്‍ കാര്യമായ കുറവില്ലെങ്കിലും കോവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്ക് സര്‍ക്കാര്‍ എത്തിച്ചേരുന്നതിന്‍റെ ഭാഗമാണ് കൂടുതല്‍ ഇളവുകള്‍. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതിയില്‍ പ്രവേശനം അനുവദിക്കും. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതിയുണ്ട്. എസി സംവിധാനം ഒഴിവാക്കണം. ജനലുകളും വാതിലുകളും തുറന്നിടണം. ഇവിടങ്ങളിൽ തൊഴിലാളികളും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണം.