ലഖ്നൗ: ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ലെന്ന പരാതിയുമായി വിവാഹ മോചനം തേടി ഭർത്താവ്. വിവാഹ ബന്ധം സംരക്ഷിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി ഭാര്യ വനിതാ സംരക്ഷണ സെല്ലിൽ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഉത്തർ പ്രദേശിലെ അലിഗഢിലാണ് വിചിത്ര സംഭവം. രണ്ട് വർഷം മുന്‍പ് വിവാഹിതരായതാണ് ഇരുവരും. ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന് യുവതി വനിതാ സംരക്ഷണ സെല്ലിൽ പരാതി നല്‍കി. മുത്തലാഖ് നേടുന്നതിന് കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചത് ഭാര്യ ദിവസവും കുളിക്കുന്നില്ലെന്നായിരുന്നുവെന്നും പരാതിയിൽ യുവതി പറയുന്നു.
ദിവസേന കുളിക്കുന്നത് സംബന്ധിച്ച് ഭാര്യയുമായി നിരന്തരമായി വാക്കു തർക്കമുണ്ടാകുന്നുവെന്നും ഇത് കുടുംബത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്.
പരാതിയെ തുടർന്ന് ഭർത്താവുമായി ബന്ധപ്പെട്ട വനിതാ സംരക്ഷണ സെല്ലില്ലുള്ളവരോടും ഇതെ വിശദീകരണം തന്നെയാണ് ഇയാൾ നല്‍കിയത്.
നിയമപരമായി വിവാഹ മോചനം ലഭിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവും പരാതി എഴുതി നൽകിയതോടെ ദമ്പതികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകുകയാണ് വനിതാ സംരക്ഷണ സെൽ. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് യുവതി വിശദമാക്കിയതായി സെല്ലിൻറെ ചുമതലയിലുള്ള അധികൃതർ പ്രതികരിച്ചത്.