തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലിയെ അംഗീകരിച്ചിട്ടില്ല. അത് നേരത്തെ അവര്‍ വ്യക്തമാക്കിയതാണ്. ഏതെങ്കിലും ഒരു കൂട്ടര് ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനെ സംഘടനയുടേതായി കാണരുത്. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുമായാണ് പോലീസ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോക്കുകൂലിയുമായി ബന്ധപ്പെട്ട് അടുത്ത് ഉയർന്ന് വന്ന സംഭവങ്ങളിലൊന്നിൽ ഒരു യൂണിയനിലും പെട്ടവരല്ല പ്രശ്നങ്ങളുണ്ടാക്കിയത്. പക്ഷേ അവരും പറഞ്ഞത് നോക്കുകൂലിയെന്നാണ്. കിട്ടുന്നത് നേടിയെടുക്കുകയെന്ന ശ്രമമാണത്. ഇതിനെ സാമൂഹിക വിരുദ്ധ നീക്കമായാണ് കാണുന്നത്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അതിൽ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.