യു.എൻ: അഫ്ഗാനിസ്ഥാനെ ഭീകരവാദത്തിന്‍റെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയെ ചില രാജ്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ലോകമെങ്ങും തീവ്രവാദവും മൗലികവാദവും വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി യു.എന്നിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.
Addressing the @UN General Assembly. https://t.co/v9RtYcGwjX
— Narendra Modi (@narendramodi) September 25, 2021
അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലർ ഭീകരവാദം പടർത്താൻ മുതലെടുക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ലോകത്തിന്റെ സഹായം ആവശ്യമാണ്. ഭീകരവാദത്തിലൂടെ നിഴൽ യുദ്ധം തടയുന്നതിൽ യു.എന്നിന് വീഴ്ച പറ്റി. കോവിഡിന്റെ ഉത്പത്തി കണ്ടെത്തുന്നതിലും യു.എൻ സംശയത്തിന്‍റെ നിഴലിലായി. യുഎൻ ശക്തിപ്പെടുത്തണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.
ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാൻ ശാസ്ത്ര മൂല്യങ്ങളിൽ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
സമുദ്രമേഖലകള്‍ കൈവശപ്പെടുത്താനുള്ള നീക്കം തടയണം. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗത വര്‍ധിപ്പിക്കും. ഇന്ത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറും. വികസനമെന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാകണം.
ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു.
കോവിഡിൽ മരണമടഞ്ഞവർക്ക് ആദരമർപ്പിച്ചാണ് നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. കൊവിഡ് വാക്സിനേഷനിൽ ഇന്ത്യയുടെ നേട്ടവും മോദി ചൂണ്ടിക്കാണിച്ചു. ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് വാക്സിൻ ഉത്പാദനത്തിനായി മോദി ക്ഷണിക്കുകയും ചെയ്തു.
ഒരു ദിവസം ഒരു കോടി വാക്‌സിന്‍ നല്‍കാനുള്ള പ്ലാറ്റ്‌ഫോമാണ് കോവിന്‍. 12 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നല്കാൻ ഇന്ത്യ തയ്യാറാണ്. ലോകത്തെ ആദ്യത്തെ ഡി.എന്‍.എ വാക്‌സിന്‍ വികസിപ്പിച്ച രാജ്യമാണ് ഇന്ത്യയെന്നും ആര്‍എന്‍എ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.