കൊല്ലം: പ്രവാസിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ സി.പി.എം സസ്പെൻഡ് ചെയ്തു. സി.പി.എം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തിനെതിരെയാണ് പാർട്ടി നടപടിയെടുത്തത്.
ബിജു തെറ്റു ചെയ്തിട്ടില്ലെന്നും നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നുമായിരുന്നു സി.പി.എം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ ബിജുവിനെതിരെ നടപടിയെടുക്കുകയായിരുന്നു.
ബിജുവിന്റെ നടപടി പാര്‍ട്ടിക്ക് അപമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വാർത്താ കുറിപ്പിൽ പറയുന്നത്. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാകരുതാത്ത നടപടിയാണിതെന്നും സിപിഎം പറയുന്നു.
രക്തസാക്ഷി സ്മാരകത്തിന് പണം സംഭാവന നൽകാത്തതിനാൽ ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തി എന്നായിരുന്നു പ്രവാസിയുടെ പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ രണ്ടു വർഷം മുമ്പ് നൽകാമെന്ന് ഏറ്റിരുന്ന പണം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നായിരുന്നു ബിജുവിന്റെ വിശദീകരണം. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രവാസി വ്യവസായി തെറ്റിദ്ധരിച്ചതാകാമെന്നും ഏരിയാ നേതൃത്വവും പ്രതികരിച്ചിരുന്നു.
സിപിഎം നേതാവിന്റെ ഭീഷണിക്കു പിന്നാലെ വില്ലേജ് ഓഫീസർ കൺവെൻഷൻ സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി. ബിജു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.