അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 33 റണ്‍സിന്‍റെ തോല്‍വി. ഡല്‍ഹി ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്താനേ കഴിഞ്ഞുള്ളൂ.
സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ ആറിന് 154. രാജസ്ഥാന്‍ 20 ഓവറില്‍ ആറിന് 121
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 53 പന്തുകളില്‍ നിന്ന് 70 റണ്‍സ് നേടി പുറത്താവാതെ നിന്നു. സഞ്ജുവൊഴികെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും വേണ്ടത്ര മികവ് പുറത്തെടുക്കാനായില്ല. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാരാണ് ടീമിന് വിജയം നേടികൊടുത്തത്. ഡല്‍ഹിയ്ക്ക് വേണ്ടി നോര്‍ക്കെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍, റബാദ, അശ്വിന്‍, അക്ഷര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്ന് ഡല്‍ഹി വീണ്ടും ഒന്നാമതെത്തി. ഒപ്പം പ്ലേ ഓഫും ഏകദേശം ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാരാണ് ഡല്‍ഹിയെ ചെറിയ സ്‌കോറിനൊതുക്കിയത്. ശ്രേയസ്സ് അയ്യരും ഷിംറോണ്‍ ഹെറ്റ്‌മെയറും മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
രാജസ്ഥാന് വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ചേതന്‍ സക്കറിയയും രണ്ട് വിക്കറ്റ് വീഴ്ത്തി. കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.