തിരുവനന്തപുരം;കേരളത്തിലെ ഐ. ടി ഹാർഡ് വെയർ ഉത്പാദനം പതിനായിരം കോടി രൂപയിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ ഇത് 2500 കോടി രൂപയാണ്. ഇത് സാധ്യമാക്കാൻ കേരളത്തിന്റെ പൊതുതാത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്വകാര്യ ഐ. ടി പാർക്കുകളെ സർക്കാർ പ്രോത്‌സാഹിപ്പിക്കും. ഇത്തരത്തിൽ നവീന വികാസം മുന്നിൽ കണ്ടാണ് കെ ഡിസ്‌ക്ക്, ഡിജിറ്റൽ സർവകലാശാല എന്നിവ സർക്കാർ ആരംഭിച്ചത്. ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐ. ടി, ഐ. ടി അനുബന്ധ മേഖലയിലെ തൊഴിലാളികൾക്കായുള്ള ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിന് വ്യക്തമായ തൊഴിൽ നയം ഉണ്ട്. തൊഴിൽ സുരക്ഷയും മാന്യമായ വേതനവും ഉൾപ്പെടെ തൊഴിലാളിയുടെ അവകാശം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. കോവിഡിന്റെ കാലഘട്ടത്തിൽ ഉണ്ടായിരിക്കുന്ന മോശം സാമ്പത്തികാവസ്ഥയിൽ നമ്മുടെ ഐ. ടി മേഖലയെയും തൊഴിലാളികളെയും പ്രത്യേകം കരുതേണ്ടതുണ്ട്. ഇതിന് ക്ഷേമനിധി ഉപകരിക്കും. ഒന്നര ലക്ഷം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്.
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് ക്ഷേമനിധിയിൽ ഈ മേഖലയിലെ 1,15,452 തൊഴിലാളികളും 2682 സംരംഭകരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞത് പത്തു വർഷം തുടർച്ചയായി അംശാദായം അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസിന് ശേഷം പെൻഷൻ ലഭിക്കും. ശാരീരികാവശതകളെ തുടർന്ന് തൊഴിലെടുക്കാനാകാതെ രണ്ടുവർഷമായി മാറിനിൽക്കുന്നവർക്കും പെൻഷന് അർഹതയുണ്ടാവും. 3000 രൂപയാണ് പെൻഷൻ. ഓരോ വർഷവും 50 രൂപ വീതം പെൻഷൻ വർധനവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.