പത്തനംതിട്ട; ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . പത്തനംതിട്ട ജില്ലാ ഹോമിയോപ്പതി മെഡിക്കല്‍ സ്റ്റോറിന്റെ നിര്‍മാണ ഉദ്ഘാടനം ഇലന്തൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധത്തില്‍ കേരളം ഫലപ്രദമായ ഇടപെടല്‍ നടത്തി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും അനുബന്ധ മേഖലയിലും കേരളം മാതൃകയാണ്. കോവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതിലും, വാക്‌സിന്‍ ഫലപ്രദമായി വിതരണം നടത്തുന്നതിലും കേരളം രാജ്യത്ത് ഒന്നാമതാണ്. പോസ്റ്റ് കോവിഡ് രോഗങ്ങള്‍ ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട നിലയാണുള്ളത്. ഇതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവിത ശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ബൃഹത്തായ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതായും മന്ത്രി പറഞ്ഞു.