എറണാകുളം: കോട്ടയം നഗരസഭാ ഭരണനഷ്ടത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ അധികാര സമവാക്യങ്ങള്‍ മാറുന്നു. എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ ചെല്ലാനം ട്വന്റി ട്വന്റിയുമായി സഹകരിച്ച് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. അടുത്ത ദിവസം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും.
ചെല്ലാനത്തെ കടല്‍കയറ്റമടക്കം പ്രാദേശിക പ്രശ്നങ്ങള്‍ ശക്തമായി ഉയര്‍ത്തിയ ജനകീയ കൂട്ടായ്മ നിര്‍ണായക മുന്നേറ്റം നടത്തിയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ട് അംഗങ്ങളെ വിജയിപ്പിച്ചെടുത്തത്. ഇരുപത്തിയൊന്നംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍.ഡി.എഫിന് ഒന്‍പതും യു.ഡി.എഫിന് നാലും അംഗങ്ങളുണ്ട്. യു.ഡി.എഫ് വിട്ടുനിന്നതോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് കിട്ടി.
കോട്ടയം നഗരസഭാ ഭരണം നഷ്ടമായതോടെ തിരിച്ചടിയെന്ന നിലയിലാണ് ചെല്ലാനത്തെ അവിശ്വാസനീക്കം. എറണാകുളം എം.പി. ഹൈബി ഈഡൻ്റെ നേതൃത്വത്തില്‍ ചെല്ലാനം ട്വന്റി ട്വന്റിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ട്വന്റി ട്വന്റിക്ക് പ്രസിഡന്റ് സ്ഥാനവും, കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും എന്നതാണ് ധാരണ. ഔദ്യോഗിക പ്രതികരണത്തിന് ചെല്ലാനം ട്വന്റി ട്വന്റിയും കോണ്‍ഗ്രസും തയാറായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിൻ്റെ അധികാരക്കൊതിയാണ് നീക്കത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
എറണാകുളം ജില്ലയില്‍ ഒരുമാസത്തിനിടെ പൈങ്ങോട്ടൂരിലും തൃക്കാക്കരയിലും എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. പൈങ്ങോട്ടൂരില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. തൃക്കാക്കരയിൽ ക്വാറം തികയാതെ അവിശ്വാസ നീക്കം പരാജയപ്പെട്ടു.