ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനെ ‘മെന്റര്‍ സിങ് ധോനി’ എന്ന് വിശേഷിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ ജയം പിടിച്ചതിന് പിന്നാലെയാണ് ധോനിയെ പാര്‍ഥീവ് ഇങ്ങനെ വിശേഷിപ്പിച്ചത്.
‘മെന്റര്‍ സിങ് ധോനി’ എന്ന് വിളിക്കാനുള്ള കാരണവും പാര്‍ഥീവ് പട്ടേല്‍ വിശദീകരിച്ചു. എല്ലാവരും ധോനിയെ വിശ്വസിക്കുന്നു. ഒരുപാട് വിജയവും പരിചയസമ്പത്തുമെല്ലാം നിറഞ്ഞതാണ് ധോനിയുടെ കരിയര്‍. അതിനാലാണ് ധോനിയെ എല്ലാവരും വിശ്വസിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ധോനിയെ മെന്ററാക്കിയതും അതുകൊണ്ടാണ്. അതിനാല്‍ തീര്‍ച്ചയായും ധോനിയെ മെന്റര്‍ സിങ് ധോനി എന്ന് വിളിക്കാം എന്ന് പാര്‍ഥീവ് പറഞ്ഞു.
ചെന്നൈക്കൊപ്പം ധോനി ഒരുപാട് നാളായി തുടരുന്നു. സാഹചര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ധോനിക്ക് കഴിയുന്നു. പിച്ച് മനസിലാക്കുന്നതില്‍ ധോനിക്ക് പ്രത്യേക കഴിവുണ്ട്. തന്റെ ബൗളര്‍മാരില്‍ നിന്ന് മികച്ച പ്രകടനം പുറത്ത് കൊണ്ടുവരാന്‍ ധോനിക്ക് കഴിയും. ബ്രാവോ, ശാര്‍ദുല്‍, ദീപക് ചഹര്‍ എന്നിവരെ ധോനി ഭംഗിയായി ഉപയോഗിച്ചെന്നും പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാണിച്ചു.
ആറ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയം പിടിച്ചത്. മികച്ച തുടക്കം കണ്ടെത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞെങ്കിലും ആര്‍സിബിയെ പിടിച്ചുകെട്ടാന്‍ ചെന്നൈക്കായി. 156 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു.