ഡൽഹി : ട്രാൻസ്ജൻഡേഴ്സിനെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങി കേന്ദ്ര സർക്കാർ. സാമൂഹ്യനീതി മന്ത്രാലയം ഇതിനായി കാബിനറ്റ് നോട്ട് തയ്യാറാക്കി. സുപ്രിംകോടതിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിനും ഒ.ബി.സിക്കുള്ള 27 ശതമാനം സംവരണത്തിലാണ് ട്രാൻസ് ജൻഡേഴ്സിനെ ഉൾപ്പെടുത്തുക. ഇതിനായി ഒബിസി പട്ടിക ഭേദഗതി ചെയ്യും. വിവിധ മന്ത്രാലയങ്ങളും പിന്നാക്കവിഭാഗ കമ്മിഷനുകളുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് സാമൂഹ്യ നീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയ്യാറാക്കിയത്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കവിഭാഗത്തിൽ നിൽക്കുന്നവരായി ട്രാൻസ് ജെൻഡേഴ്സിനെ പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് സംവരണ ആനുകൂല്യം നൽകണെമെന്ന സുപ്രീം കോടതി നിർദ്ദേശവും ഉണ്ടായിരുന്നു.
ഒ.ബി.സി പട്ടിക ദേഭഗതി ചെയ്യാൻ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. മന്ത്രിസഭ യോഗം പാസാക്കുന്ന കബിനറ്റ് നോട്ടിൻ്റെ അടിസ്ഥാനത്തിൽ കരട് ബില്ല് തയ്യാറാക്കും. ഈ ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കുകയും സമാനമായി ബില്ല് പാസാക്കുന്നതുവരെയുള്ള കാലയളവിൽ സുപ്രീം കോടതി നിർദ്ദേശം യഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുപിക്കുകയും ചെയ്യും.