പത്തനംതിട്ട : വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മൂഴിയാറില്‍ ജലനിരപ്പ് ഉയരുന്നു.ഇതേതുടർന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
ജല നിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 60 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 101.49 കുമെക്‌സ് എന്ന നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 100 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം.ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം.