ന്യൂഡൽഹി;പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ, ഈ പ്രസംഗത്തിന് മോദി മറുപടി നൽകും. അഫ്ഗാനിലെ താലിബാൻ സർക്കാരിനോട് ഇന്ത്യ സ്വീകരിക്കുന്ന നയപരമായ നിലപാടും ലോകരാജ്യങ്ങൾക്ക് മുൻപിൽ പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും.
അതേസമയം ഇന്നലെയാണ് ഇമ്രാൻ ഖാൻ യുഎന്നിനെ അഭിസംബോധന ചെയ്തത്. വിർച്വലായി നടന്ന യോഗത്തിൽ ഇന്ത്യയെ ഉന്നമിട്ടായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം. അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലും ക്വാഡ് ഉച്ചകോടിയിലും ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.