തിരുവനന്തപുരം; സിവില്‍ സര്‍വീസസ് റാങ്ക് ജേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ കെ. മീരയെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു.
പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടമാണ് കേരളത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കരസ്ഥമാക്കിയതെന്നും നാടിന്റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു .
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടമാണ് കേരളത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കരസ്ഥമാക്കിയത്. ആദ്യ നൂറു റാങ്കുകളില്‍ പത്തിലേറെ മലയാളികള്‍ ഉണ്ടെന്നത് അതീവ സന്തോഷകരമാണ്. കെ. മീര (6-ാം റാങ്ക്), മിഥുന്‍ പ്രേംരാജ് (12-ാം റാങ്ക്), കരീഷ്മ നായര്‍ (14-ാം റാങ്ക്), അപര്‍ണ രമേഷ് (35-ാം റാങ്ക്) എന്നിവര്‍ മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി. കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ കെ. മീരയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയം നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നാടിന്റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.