ഷാങ്ഹായ്: ക്രിപ്റ്റോകറൻസിക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന. എല്ലാ ക്രിപ്റ്റോകറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്ന് ചൈനയിലെ റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ചു.
പരമ്പരാഗത കറൻസികൾ പോലെ ക്രിപ്റ്റോകറൻസികൾ വിതരണം ചെയ്യാൻ പാടില്ലെന്നും അവയുടെ അന്താരാഷ്ട്ര വിപണനമടക്കം വിലക്കുന്നതായും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിലപാടെടുത്തു. ദേശീയ തലത്തിൽ ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകുന്ന സാമ്പത്തിക സ്ഥാപനങ്ങൾ, പേമെന്റ് കമ്പനികൾ, ഇന്റർനെറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം വിലക്കുണ്ട്.
ക്രിപ്റ്റോകറൻസിയുടെ നിരോധനതിനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ഒത്തൊരുമിച്ച് നിലപാടെടുത്തു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ രാജ്യത്തെ ഏജൻസികൾ ഒത്തൊരുമിച്ച് ഒരു തീരുമാനം എടുക്കുന്നത്.
ചൈനയുടെ തീരുമാനം വന്നതിന് പിന്നാലെ വെള്ളിയാഴ്ചത്തെ വിപണിയിൽ ബിറ്റ്കോയിൻ 5.5 ശതമാനം ഇടിഞ്ഞു. ആഗോള വിപണി ചൈനയിലെ എവർഗ്രന്റെ ഗ്രൂപ്പിന്റെ തകർച്ചയെ ആശങ്കയോടെ നോക്കിയിരിക്കുന്ന ഘട്ടത്തിലാണ് ക്രിപ്റ്റോകറൻസികൾക്ക് എതിരായ വിലക്കും വരുന്നത്.
എന്നാൽ ചൈന സർക്കാർ നേരത്തെ തന്നെ ഇതിന്റെ സൂചനകൾ നൽകിയതിനാൽ വലിയ തിരിച്ചടി ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ലൂണോയുടെ ഏഷ്യാ പസഫിക് തലവൻ വിജയ് അയ്യാറുടെ പ്രതികരണം. സാമ്പത്തിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മെയ് മാസത്തിൽ ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തിയിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് കൗൺസിൽ പോയിരുന്നില്ല. അന്ന് തന്നെ ക്രിപ്റ്റോകറൻസികൾ ചൈനയിലെ നിക്ഷേപകർ വിറ്റൊഴിക്കാൻ തുടങ്ങിയിരുന്നു. പിന്നാലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ക്രിപ്റ്റോകറൻസിക്ക് എതിരെ ചട്ടങ്ങൾ ആവിഷ്കിച്ച് തുടങ്ങിയിരുന്നു.