കോട്ടയം: കോട്ടയം നഗരസഭയിലെ സിപിഐഎം -ബിജെപി ധാരണയിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോട്ടയം നഗര സഭയിലേത് ലജ്ജയില്ലാത്ത തരം താഴ്ന്ന നടപടിയാണ്. സിപിഐഎം ഒരു ഭാഗത്ത് വർഗീയ ഫാസിസത്തെ കെട്ടിപുണരുന്നുവെന്ന് കെ സുധാകരൻ ആരോപിച്ചു.
കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയില്ലാതെ ഇടതുപക്ഷത്തിന് അവിശ്വാസ പ്രമേയം പാസാക്കാനാവില്ല. രാഷ്ട്രീയ പിന്നാമ്പുറത്ത് ബിജെപിയുമായി പിന്തുണ ഉറപ്പിച്ചാണ് ഇടതുപക്ഷം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബിജെപിയാണെങ്കില്‍ പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയനും, വിജയരാഘവനും രാഷ്ട്രീയ സദാചാരം എന്നൊന്നുണ്ടെങ്കില്‍ കേരളത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം.
ഊണിലും ഉറക്കിലും ബിജെപിക്കെതിരെ പ്രസംഗിക്കുകയും അധികാരത്തിനു വേണ്ടി പട്ടാപ്പകല്‍ ബിജെപി പിന്തുണ പരസ്യമായി സ്വീകരിക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് നിലപാട് രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതല്ല. ബിജെപിയുടെ പിന്തുണ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടു കൂടിയാണോ എന്ന് അവര്‍ വ്യക്തമാക്കണം.
കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു അധികാര സ്ഥാനങ്ങള്‍ക്കും വര്‍ഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിത നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് യുഡിഎഫ്. മതന്യൂനപക്ഷ പിന്തുണ നേടാനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും രാക്കിരാമാനം ബിജെപിക്കെതിരെ സംസാരിക്കാറുള്ള മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും ഇനിയെങ്കിലും മതേതര കീര്‍വാണ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. എട്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഒരു സിപിഎം സ്വതന്ത്ര്യന്‍റെ വോട്ട് അസാധുവായി.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു അറിയിച്ചിരുന്നു. ബിജെപി കൗൺസിലർമാരുടെ വാർഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിൾ മാത്യു അറിയിച്ചു. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാൽ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.