കോട്ടയം: യുഡിഎഫിന് കോട്ടയം നഗരസഭയില്‍ ഭരണം നഷ്ടമായി. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് പുറത്തായി. ബി.ജെ.പിയുടെ പിന്തുണയോട് കൂടിയാണ് അവിശ്വാസം പ്രമേയം പാസായത്.
52 അംഗ നഗരസഭയിൽ 29 പേരാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തത്. യു.ഡി.എഫിന്‍റെ 22 അംഗങ്ങൾ വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി. പേരും ഒപ്പും ഇല്ലാതെ രേഖപ്പെടുത്തിയ വോട്ടാണ് അസാധുവായത്.
യു.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. നഗരസഭയിൽ ബി.ജെ.പിക്ക് എട്ട് അംഗങ്ങളാണുള്ളത്.
ഒമ്പതു മാസം മുമ്പ് നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്.
ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്നും അന്ന് ബിജെപി വിട്ടു നിന്നിരുന്നു. കോൺഗ്രസ് വിമതയായി വിജയിച്ച ബിൻസിയെ കോൺഗ്രസ് നേതൃത്വം ഇടപെട്ടാണ് യുഡിഎഫ് പാളയത്തിലെത്തിച്ചത്. നേരത്തെ ഈരാറ്റുപേട്ടയിലും യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു.
കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ യു.ഡി.എഫ്-21, എൽ.ഡി.എഫ്-22, ബി.ജെ.പി-8 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യൻ യു.ഡി.എഫിലെത്തിയതോടെ അംഗബലം 22 ആയി. ഒടുവില്‍ നറുക്കെടുപ്പിൽ നഗരസഭ ഭരണം യു.ഡി.എഫിന് ലഭിക്കുകയായിരുന്നു.