കോയമ്പത്തൂർ: പേരക്കുട്ടിയെ വായിൽ ബിസ്‌കറ്റ് കവർ തിരുകി ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കോയമ്പത്തൂർ ആർ.എസ് പുരത്താണ് സംഭവം. അമ്പത്തിയഞ്ചുകാരിയായ നാഗലക്ഷ്മിയാണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകള്‍ നന്ദിനിയുടെ രണ്ടാമത്തെ മകനായ ഒരുവയസ്സുള്ള ദുര്‍ഗേഷാണ് ശ്വാസംമുട്ടി മരിച്ചത്. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മര്‍ദിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. കുട്ടി കരഞ്ഞ വേളയിലാണ് നാഗലക്ഷ്മി വായിൽ പ്ലാസ്റ്റിക് കവർ തിരുകി വച്ചത്. പിന്നീട് കുട്ടിയെ തൊട്ടിലിൽ കിടത്തി നാഗലക്ഷ്മി വീട്ടുജോലിയിൽ ഏർപ്പെട്ടു. വായിൽ കുരുങ്ങിയ കവർ പിന്നീട് ശ്വാസതടസ്സത്തിന് കാരണമാകുകയായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവത്തിൽ പരിശോധന നടത്തിയത്.ചോദ്യം ചെയ്യലിനിടെ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി പറഞ്ഞിരുന്നു. നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.