വാഷിങ്ടൺ: ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. വ്യാഴാഴ്ച നടന്ന കമല-മോദി കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടത്. മോദിയും കമലയും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്.
പാകിസ്താനില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അതിർത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള ഇന്ത്യൻ നിലപാടിനോട് യു.എസ് വൈസ് പ്രസിഡന്‍റ് യോജിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീകര ഗ്രൂപ്പുകൾക്ക് പാകിസ്താൻ നൽകുന്ന പിന്തുണയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും കമല ഹാരിസ് വ്യക്തമാക്കി.
ത്രിദിന സന്ദർശനത്തിന് അമേരിക്കയിലെത്തിയ മോദി വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍സമയം മൂന്നരയോടെയാണ് എയര്‍ ഇന്ത്യ-വണ്‍ വിമാനത്തില്‍ മേരിലാൻഡിലെ ജോയന്റ് ബേസ് ആൻഡ്ര്യൂസ് വ്യോമതാവളത്തിൽ ഇറങ്ങിയത്. യു. എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ടി.എച്ച്. ബ്രയാന്‍ മക്കിയോണ്‍, ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധു തുടങ്ങിയവര്‍ ചേർന്ന് മോദിയെ സ്വീകരിച്ചു.