ന്യൂഡല്‍ഹി: രാജ്യത്തെ 66 ശതമാനം യുവാക്കളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എങ്കിലും സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 18 വയസ്സിന് മുകളിലുള്ള 66 ശതമാനം ആളുകള്‍ ഇതിനോടകം തന്നെ വാക്‌സിന്‍ സ്വീകരിച്ചതായും, ഇതില്‍ തന്നെ 25 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചതായും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു.
സെപ്റ്റംബറിലെ ആദ്യ 22 ദിവസങ്ങളില്‍ 18 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കിയതായി കേന്ദ്രം അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ യജ്ഞം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന നിലക്ക് കുത്തിവെപ്പ് ആരംഭിക്കാനാണ് ഇപ്പോള്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. പ്രായമായവര്‍ക്കും ഒപ്പംതന്നെ ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ വീടുകളില്‍ നടത്തിക്കൂടെ എന്ന് വിവിധ ഹൈക്കോടതികള്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
നിലവിലെ സാഹചര്യത്തില്‍ വാക്‌സിന്‍ ഉത്പാദനം വര്‍ധിച്ചതാണ് സര്‍ക്കാരിന്റെ ഈ നയം മാറ്റത്തിന് കാരണം. അടുത്തമാസം ആദ്യത്തോട് കൂടെ തന്നെ ഭിന്നശേഷിക്കാര്‍ക്ക് വീടുകളില്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്.
രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ടി.പി.ആര്‍ പത്തിന് മുകളിലുള്ള 33 ജില്ലകളില്‍ 13 ജില്ലകളും കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് 31,923 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 282 പേര്‍ മരിച്ചു. 31,990 പേര്‍ക്ക് രോഗ മുക്തി.87 ദിവസത്തിന് ശേഷം ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നു. നിലവില്‍ 3,01,604 പേരാണ് ചികിത്സയിലുള്ളത്.