തിരുവനന്തപുരം: നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് ക്രൂര മർദ്ദനം. തിരുവനന്തപുരം പോത്തൻകോട് കടുവാക്കുഴിയിലാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെയാണ് തൊഴിലാളികൾ മർദ്ദിച്ചത്.
പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് അതിക്രമമുണ്ടായത്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകളിൽപ്പെട്ടവരാണ് മർദിച്ചത്. അതിക്രമം മൊബൈലിൽ പകർത്തിയയാളെയും യൂണിയന്‍കാർ മർദിച്ചു.
വീടിന്റെ കോൺക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുണിയന്‍ പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പട്ടിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് കരാറുകാരൻ മണികണ്ഠൻ ഇവരെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയൻ പ്രവർത്തകരെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു. ഐഎൻടിയുസിയിൽപ്പെട്ട വേണുഗോപാൽ, തുളസീധരൻ നായർ എന്നിവരാണ് അറസ്റ്റിലായത്. നോക്കുകൂലി വാങ്ങില്ലെന്നു പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ കൈയ്യടി നേടി ഒരാഴ്ച തികയും മുൻപാണു നോക്കുകൂലി ആവശ്യപ്പെട്ടു ചുമട്ടുതൊഴിലാളികൾ നിർമാണ തൊഴിലാളികളെ മർദിക്കുന്നത്.
ഇന്നലെ വൈകുന്നേരം സംഘത്തില്‍പെട്ട ചിലര്‍ ഭീഷണിപ്പെടുത്തിയതായും അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ അക്രമമെന്നും മണികണ്ഠന്‍ പറഞ്ഞു.