ന്യൂഡല്‍ഹി: ഉത്സവകാലം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയാൻ പുതിയ മാർഗനിർദേശനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല.
അഞ്ച് ശതമാനത്തിൽ താഴെ ടി.പി.ആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 62.73 ശതമാനവും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് സർക്കാർ പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. സ്കൂൾ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തും. ഇന്ന് മുതൽ പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങിയിരിക്കുകയാണ്. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം.