തിരുവനന്തപുരം: കര്‍ഷകസമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എൽഡിഎഫ് ഹര്‍ത്താലില്‍ പ്രതികരിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. കടകൾ തുറക്കാതെയും വാഹനങ്ങൾ ഓടാതെയും ജനജീവിതം രണ്ടു കൊല്ലത്തോളമായി ദുസ്സഹമായിരിക്കുകയാണ്. ഈ അവസ്ഥയിൽ തിങ്കളാഴ്ച ഹർത്താൽ എന്ന വാർത്ത വായിച്ചിട്ട് ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ലേ എന്നൊരു ചോദ്യമാണ് ചോദിക്കാൻ തോന്നുന്നതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ജനജീവിതം എങ്ങനെയെങ്കിലും ഒന്നു സാധാരണ മട്ടിലാകട്ടെ. പ്രതിഷേധിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്തി, ജനങ്ങളുടെ നിത്യവൃത്തിക്കു മുടക്കം വരുത്താതെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നത് ഇനിയും തോന്നാത്തതെന്താണെന്നും അവര്‍ ചോദിച്ചു.
എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം ഒരു ഹെയർ ബാൻഡ് വാങ്ങാൻ റോഡു മുഴുവൻ നടന്നു. ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോൺ ആണെന്നറിയാതെയാണ് കടയിൽ പോകാനിറങ്ങിയത്. ഒരു ഓട്ടോക്കാരനാണ് പറഞ്ഞത് ഉച്ചക്കു ശേഷം കടയില്ലെന്ന് . ഒരു ഹെയർ ബാന്റ് വാങ്ങാനാണെന്നു പറഞ്ഞപ്പോൾ അയാൾ റോഡിലെ സ്ലാബിൽ ഇരുന്നുറങ്ങുന്ന ആളെ വിളിച്ചു. അയാൾ പെട്ടെന്നെഴുന്നേറ്റു പോയി കടയുടെ ചാരിയിട്ടിരുന്ന പാളിക്കടിയിലൂടെ കയറിപ്പോയി പല നിറത്തിലുള്ള ഹെയർ ബാന്റുമായി ഇറങ്ങി വന്നു. ഞാൻ കൊടുത്ത തുക പോക്കറ്റിലേക്കിട്ടു. വീണ്ടും സ്ലാബിൽ പോയിരുന്നു.
കടയിലെ പണപ്പെട്ടിയിൽ വന്നു നിറഞ്ഞു കൊണ്ടിരുന്ന നോട്ടുകൾക്കിടയിൽ നിന്ന് മുൻപ് എടുത്തു തന്നിരുന്നതു പോലെ balance തരാൻ അയാളുടെ പോക്കറ്റിൽ ഒന്നുമുണ്ടായിരുന്നില്ല.
കടകൾ തുറക്കാതെയും വാഹനങ്ങൾ ഓടാതെയും ജനജീവിതം രണ്ടു കൊല്ലത്തോളമായി ദുസ്സഹമായിരിക്കുന്ന അവസ്ഥയിൽ തിങ്കളാഴ്ച ഹർത്താൽ എന്ന വാർത്ത വായിച്ചിട്ട് ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ലേ എന്നൊരു ചോദ്യമാണ് ചോദിക്കാൻ തോന്നുന്നത്. ജനജീവിതം എങ്ങനെയെങ്കിലും ഒന്നു സാധാരണ മട്ടിലാകട്ടെ . പ്രതിഷേധിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്തി , അവരുടെ നിത്യവൃത്തിക്കു മുടക്കം വരുത്താതെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നത് ഇനിയും തോന്നാത്തതെന്താണ് ?
എസ് ശാരദക്കുട്ടി