തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യം വ്യാജമെന്ന വാദവുമായി പ്രതികൾ. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതൽ ഹർജിയിൽ സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതികളെത്തിയത്. മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സംഘര്‍ഷമുണ്ടാക്കിയത് വാച്ച് ആന്‍ഡ് വാര്‍ഡ് നിയോഗിച്ച പൊലീസുകാര്‍ ആണെന്നും ഇതിനെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നുമാണ് പ്രതികളുടെ വാദം.
സ്പീക്കറുടെ ഡയസിൽ കയറിയത് ആറ് എംഎൽഎമാർ മാത്രമല്ല. തോമസ് ഐസക്കും സുനിൽകുമാറും ബി സത്യനും ഉണ്ടായിരുന്നു. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ല. അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പോലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസിൽ പോലീസ് മാത്രമാണ് സാക്ഷികൾ. 140 എംഎൽഎമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നുമാണ് പുതിയ വാദങ്ങള്‍.
പ്രതികളുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന് പ്രതികള്‍ പ്രഥമ ദൃഷ്ടാ കുറ്റം ചെയ്തതായി കോടതിയെ അറിയിച്ചു. നിയമപരമായി കുറ്റമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അക്രമം എന്നും പ്രതികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമെന്നും അഭിഭാഷകന് വാദിച്ചു. വിടുതല്‍ ഹര്‍ജിയില്‍ അടുത്തമാസം ഏഴിന് കോടതി ഉത്തരവ് പറയും.